പനാജി: ഭീകരര്‍ കടല്‍ വഴി ഇന്ത്യയിലെത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഗോവയിലെയും മറ്റും തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം.

ഗോവന്‍ തീരത്തെ കാസിനോകള്‍ക്കും ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും ജലവിനോദ കേന്ദ്ര നടത്തിപ്പുകാര്‍ക്കും തുറമുഖ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതായി ഗോവ തുറമുഖ വകുപ്പുമന്ത്രി ജയേഷ് സാല്‍ഗാവോന്‍കാര്‍ പറഞ്ഞു.

പടിഞ്ഞാറന്‍ തീരത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് തീരരക്ഷാ സേന പങ്കുവെച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നറിയിപ്പ് ഗോവയെ മാത്രം ലക്ഷ്യമാക്കിയുള്ളതല്ല.

മുംബൈ, ഗുജറാത്ത് തീരങ്ങളിലും ആക്രമണസാധ്യത തള്ളിക്കളയാനാവില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

പാകിസ്താന്‍ പിടിച്ചെടുത്ത ഇന്ത്യന്‍ മത്സ്യബന്ധന ബോട്ട് വിട്ടയിച്ചിരുന്നു. തിരികെയെത്തുന്ന ഈ ബോട്ടില്‍ ഭീകരവാദികള്‍ ഉണ്ടായേക്കാമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന.