india

ജയിലില്‍ കഴിയുന്നവര്‍ മുസ്ലിങ്ങളാണെങ്കില്‍ ജാമ്യം ലഭിക്കുന്നത് എളുപ്പമല്ല; ദിഗ്‌വിജയ് സിംഗ്

By webdesk13

September 18, 2024

ജയിലില്‍ കഴിയുന്നവര്‍ മുസ്ലിങ്ങളാണെങ്കില്‍ ജാമ്യം ലഭിക്കുന്നത് എളുപ്പമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് പറഞ്ഞു. ഹിറ്റലര്‍ ജൂതന്മാരെ ലക്ഷ്യമിട്ടതുപോലെ ആര്‍എസ്എസ് മുസ്ലിങ്ങളെ ലക്ഷ്യമിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ജാമ്യമാണ് നിയമം, ജയിലാണ് ഒഴിവാക്കപ്പെട്ടത്’ എന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തെ ഉദ്ധരിച്ചായിരുന്നു ദിഗ്‌വിജയ് സിംഗ് ഇക്കാര്യം പറഞ്ഞത്. സിഎഎ, എന്‍ആര്‍സി വിരുദ്ധ പ്രതിഷേധങ്ങളില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നാല് വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ദിഗ്‌വിജയ് സിംഗ്.

ആര്‍എസ്എസ് ജനാധിപത്യത്തിലോ ഭരണഘടനയിലോ വിശ്വസിക്കുന്നില്ലെന്നും അവരുടെ പ്രത്യയ ശാസ്ത്രം എല്ലാ തലങ്ങലിലും നുഴഞ്ഞുകയറുന്നത് ജനാധിപത്യത്തിന് അപകടകരമാണെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു.

ഉമര്‍ ഖാലിദിന്റെ പിതാവ് സയിദ് കീസം റസൂല്‍ ഇല്യാസും ചര്‍ച്ചയില്‍ പങ്കെടുത്തു. ഉമറിനെതിരെ യുഎപിഎ ചുമത്തിയ നടപടിയില്‍ പിതാവ് ആശങ്ക പ്രകടിപ്പിച്ചു. ഉമറിനും ഗള്‍ഫിഷയ്ക്കും പുറമേ ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റിലായവര്‍ക്കെതിരേയും യുഎപിഎയാണ് ചുമത്തിയിരിക്കുന്നത്.

തീവ്രവാദത്തിനെതിരെ രൂപീകരിച്ച നിയമം ഇന്ന് സാധാരണക്കാര്‍ക്കെതിരെ പ്രയോഗിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട കോടതി വിചാരണകള്‍ക്ക് ശേഷം ഒരാള്‍ നിരപരാധിയെന്ന് തെളിഞ്ഞാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന് ഉമറിന്റെ പിതാവ് ചോദിച്ചു. കേസിലെ സാക്ഷികളെ ഡല്‍ഹി പൊലീസ് ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്ന് വിശേഷിപ്പിച്ചിരിക്കുന്നതിനേയും ഉമറിന്റെ പിതാവ് വിമര്‍ശിച്ചു.