ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കൊപ്പമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. അവള്‍ കേരളത്തിന്റെ മകളാണ്, അവളോടൊപ്പം നില്‍ക്കേണ്ടത് കേരളത്തിന്റെ കടമയും. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീ സമൂഹത്തിന്റെ അന്തസ്സിന് കളങ്കം വരുത്തുന്ന പ്രവൃത്തികളാണ് നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിച്ച നീതി ലഭിക്കാതെ വന്നപ്പോള്‍ കോടതിയെ സമീപിച്ച പെണ്‍കുട്ടിയെ സംഘടിതമായി അധിക്ഷേപിക്കുകയാണ് സിപിഎം. കേസ് അട്ടിമറിക്കാന്‍ ഭരണമുന്നണിയിലെ ഒരുന്നതന്‍ കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്ന മാധ്യമങ്ങളുടെ സംശയത്തെ ശരിവെക്കുന്ന തരത്തിലാണ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി ആന്റണി രാജുവും എല്‍ഡിഎഫ് കണ്‍വീനറും മുന്‍മന്ത്രി എം എം മണിയുമൊക്കെ നടത്തുന്ന പ്രതികരണങ്ങള്‍. ആഭ്യന്തരവകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി അറിയാതെ കേസ് അന്വേഷണം നിലയ്ക്കില്ലെന്ന് പകല്‍പോലെ വ്യക്തമാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

ഇത്തരം സാഹചര്യത്തില്‍ പെട്ടുപോയ ഒരു പെണ്‍കുട്ടിയുടെ വേദനയും മാനസിക സംഘര്‍ഷവും തിരിച്ചറിയാന്‍ കോടിയേരി ബാലകൃഷ്ണന് കഴിയില്ല. പുത്രവാത്സല്യത്താല്‍ അദ്ദേഹം കാട്ടിക്കൂട്ടിയതൊക്കെ കേരളം കണ്ടതാണ്. പാര്‍ട്ടിക്കുള്ളിലെ സ്ത്രീകളെപ്പോലെ അപമാനിക്കപ്പെട്ടാല്‍ എല്ലാവരും പരാതി പുറത്ത് പറയാതെ ഒതുക്കി തീര്‍ക്കണമെന്നാണ് സി പി എമ്മിന്റെ നയം.

പീഡനങ്ങള്‍ ഏറ്റുവാങ്ങി പുറത്തു പറയാന്‍ കഴിയാതെ പോകുന്ന നിശ്ശബ്ദരായ ഹതഭാഗ്യകളുടെ പ്രസ്ഥാനം കൂടിയാണ് സിപിഎം. പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നിയമനം തന്നെ കേരളത്തിലെ വനിതകളോടുള്ള സിപിഎമ്മിന്റെ വെല്ലുവിളിയാണ്. ഇന്ത്യന്‍ ഭരണഘടന സ്ത്രീകള്‍ക്ക് നല്‍കുന്ന നിയമപരമായ സുരക്ഷ ലഭിക്കാത്ത വനിതകളുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും മറ്റുള്ള സ്ത്രീകള്‍ നിയമം ഉപയോഗിക്കുമ്പോള്‍ സിപിഎമ്മിന് സ്വഭാവികമായുണ്ടാകുന്ന വെറിയാണ് ഇവരുടെ വൃത്തികെട്ട ജല്പനങ്ങളിലൂടെ പുറത്തുവരുന്നതെന്ന് സുധാകരന്‍ തുറന്നടിച്ചു.

ഒരിക്കല്‍ ആക്രമിക്കപ്പെട്ട ആ പെണ്‍കുട്ടിയെ നെറിയില്ലാത്ത വാക്കുകള്‍ കൊണ്ട് കീറിമുറിക്കുന്നത് സിപിഎം അവസാനിപ്പിക്കണം. അതിജീവിതയെ അപമാനിച്ച സിപിഎം കേരള ജനതയോട് നിരുപാധികം മാപ്പ് പറയണമെന്നും സുധാകരന്‍ വ്യക്തമാക്കി.