റസാഖ് ഒരുമനയൂര്‍

അബുദാബി: വിവിധ ഗതാഗത പിഴകള്‍ക്ക് നല്‍കുന്ന ഇളവ് അപകടകരമായവിധം വാഹനമോടിച്ചതിനുള്ള പിഴകള്‍ക്ക് ലഭ്യമായിരിക്കുകയില്ലെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. ഗതാഗത പിഴകള്‍ 60 ദിവസത്തിനകം അടക്കുന്നവര്‍ക്ക് അബുദാബി പൊലീസ് 35 ശതമാനം ഇളവ് അനുവദിക്കുന്നുണ്ട്. അപകടമായ വിധം വാഹനമോടിക്കുകയോ സമാന്തര കുറ്റങ്ങള്‍ക്കോ ചുമത്തിയ പിഴകള്‍ക്കാണ് ഇളവ് നല്‍കാതിരിക്കുക.

മറ്റുപിഴകള്‍ക്ക് ആദ്യരണ്ടുമാസത്തിനകം 35 ശതമാനവും രണ്ടുമാസത്തിനുശേഷം 25 ശതമാനവുമാണ് ഇളവ് നല്‍കുന്നത്. 60 ദിവസത്തിനുശേഷം അടക്കുന്നവര്‍ക്ക് 25 ശതമാനം ഇളവ് നല്‍കുമെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി.

ഇത്തരം ഇളവുകള്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. അബുദാബി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും നൂറുകണക്കിന് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളതുകൊണ്ട് ഗതാഗത നിയമലംഘനത്തിന് ഓരോദിവസവും നിരവധി പേര്‍ക്കാണ് പിഴ ചുമത്തിക്കൊണ്ടിരിക്കുന്നത്.