പറ്റ്‌ന: ബിജെപി പിന്തുണയോടെ ബീഹാറില്‍ മുഖ്യമന്ത്രി പദത്തിലെത്തിയ നിതീഷ് കുമാറിന്റെ തീരുമാനത്തിനെതിരെ ജനതാദള്‍ (യു) വിലെ വിഭാഗീയത മറനീക്കി പുറത്തേക്ക്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നോരോപിച്ച് ബീഹാറിലെ 21 നേതാക്കളെ പുറത്താക്കി. പുറത്താക്കപ്പെട്ടവര്‍ ശരത് യാദവ് അനുകൂലികളാണ്. മുന്‍ മന്ത്രി രാമായി റാം, മുന്‍ എം പി ഷീയോഹര്‍ അര്‍ജ്ജുന്‍ റായി, മുന്‍ എം.എല്‍.എ രാജ് കിഷോര്‍ സിന്‍ഹ, മുതിര്‍ന്ന നേതാവ് വിജയ് വര്‍മ എന്നിവരെയാണ് പുറത്താക്കിയത്.
ഒട്ടേറെ ജില്ലാതല നേതാക്കളെയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുറത്താക്കിയതായി സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ പറഞ്ഞു. ശരത് യാദവിനോട് കൂറു പുലര്‍ത്തുന്നവരെയാണ് പുറത്താക്കിയത്. കഴിഞ്ഞ ദിവസം ശരത് യാദവ് നടത്തിയ സംവദ് യാത്രയിലെ മുഖ്യസംഘാടകരായിരുന്നു രാമായി റാമും അര്‍ജ്ജുന്‍ റായിയും. 2010ല്‍ രാമായി റാം മന്ത്രിപദം അലങ്കരിച്ചിരുന്നു. ശരത് യാദവിന്റെ ബീഹാര്‍ യാത്രക്ക് ശേഷമാണ് നിതീഷ്‌കുമാര്‍ രാജിവെച്ചതും ബി.ജെ.പി പിന്തുണയില്‍ അധികാരത്തിലെത്തിയതെന്നും റാം പറഞ്ഞു. കഴിഞ്ഞാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിളിച്ചുചേര്‍ത്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ പങ്കെടുത്ത രാജ്യസഭാംഗം അലി അന്‍വറിനെ സസ്‌പെന്റ് ചെയ്തിരുന്നു. ബീഹാറില്‍ ബിജെപിക്കെതിരെ ആര്‍ജെ.ഡി, ജെ.ഡി.യു, കോണ്‍ഗ്രസ് കക്ഷികള്‍ ചേര്‍ന്നു രൂപം നല്‍കിയ മഹാസഖ്യത്തില്‍ നിന്നു ജെ.ഡി.യു പിന്‍വാങ്ങിയതില്‍ 11 കോടി ജനങ്ങളോട് മാപ്പു പറയേണ്ടി വരുമെന്ന് ശരത് യാദവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ പാര്‍ട്ടിക്കെതിരെ പരസ്യമായി പ്രതികരിച്ച ശരത് യാദവിനെ കഴിഞ്ഞ ദിവസം ജെ.ഡി.യു രാജ്യസഭ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തു നിന്നു നീക്കം ചെയ്തിരുന്നു. ജെ.ഡി.യു പ്രസിഡന്റായ നിതീഷ് കുമാര്‍ പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം 19ന് പറ്റ്‌നയില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. പാര്‍ട്ടിയിലെ യാദവന്മാരുടെ നിലപാടുകള്‍ അന്ന് വ്യക്തമാകുമെന്നു ചൂണ്ടിക്കാട്ടുന്നു.