തിരുവനന്തപുരം: പി.ജയരാജന് എതിരായ നീക്കത്തിന് പിന്നില്‍ കണ്ണൂരിലെ രണ്ട് ജയരാജന്‍മാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും അറിവോടെയാണ് ഇരുവരുടെയും നീക്കം. വീണ്ടും ജില്ലാ സെക്രട്ടറിയാകാനും അല്ലെങ്കില്‍ സംസ്ഥാന സെക്രട്ടേറിയറ്റിലെത്താനും പി. ജയരാജന് സാധ്യത കല്‍പിക്കപ്പെടുന്ന സമ്മേളനകാലത്താണ് ഈ നീക്കമെന്നതും ശ്രദ്ധേയം. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള നേതാക്കളെല്ലാം സംസ്ഥാനരാഷ്ട്രീയത്തിലും ഭരണത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാല്‍ ജില്ലയിലെ പ്രവര്‍ത്തനം കുറവാണ്. ദീര്‍ഘകാലം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന് ജില്ലയില്‍ സ്വാധീനം വര്‍ധിക്കുന്നതില്‍ മറ്റു രണ്ട് ജയരാജന്‍മാരും അസ്വസ്ഥരാണ്. പിണറായിക്കും കോടിയേരിക്കും ശേഷം കണ്ണൂരില്‍ ആര് എന്ന ചോദ്യത്തിന് പി.ജയരാജന്‍ എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടന്നപ്പോള്‍ പിണറായിയും കോടിയേരിയും ഉള്‍പ്പെടെയുള്ളവര്‍ അസ്വസ്ഥരായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലക്കാരനായ എം.വി. ജയരാജന് മുഖ്യമന്ത്രിയിലുള്ള സ്വാധീനവും പി.ജയരാജന് ഭീഷണിയാകും. ബന്ധുനിയമനത്തില്‍ ഇ.പി ജയരാജന് എതിരായ നിലപാട് സ്വീകരിച്ചതും പി.ജയരാജന് വിനയായി. പി.ജയരാജന്റെ നിലപാടുകള്‍ക്കെതിരെ സി.പി.എമ്മിന്റെ കണ്ണൂര്‍ ലോബിയില്‍ തന്നെ ഏറെ നാളായി ഉരുണ്ടുകൂടിയിരുന്ന അസ്വസ്ഥതകളാണ് സംസ്ഥാന സമിതിയില്‍ പരസ്യമായത്. തലേദിവസം നടന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ ജയരാജന്റെ നിലപാടുകളെ എതിര്‍ത്ത് സംസാരിച്ചതും കണ്ണൂരില്‍നിന്നുള്ള അംഗങ്ങള്‍ തന്നെയായിരുന്നു. സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടതനുസരിച്ച് വിഷയം കണ്ണൂര്‍ ജില്ലാകമ്മിറ്റി യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ള നേതാക്കള്‍ ഈ യോഗത്തില്‍ പങ്കെടുക്കാനാണ് സാധ്യത. ഈയോഗം ജയരാജന് എതിരായ വിചാരണമായി മാറിയാലും അത്ഭുതമില്ല. യോഗത്തില്‍ ജയരാജനെ ശാസിക്കും.
കണ്ണൂര്‍ ജില്ലയുടെ കാര്യത്തില്‍ നേതാക്കള്‍ ഇടപെടാത്തതിനാല്‍ എല്ലാം ജയരാജന് വിടുന്ന രീതിയാണ് കുറെനാളായി തുടരുന്നത്. ഇതില്‍ മാറ്റം വന്നേക്കും. ജില്ലാ സമ്മേളനത്തിനുശേഷം സെക്രട്ടറിയായി ജയരാജന്‍ തുടരുമോയെന്ന ചോദ്യവും ഉയരുന്നു. കണ്ണൂരില്‍നിന്നുള്ള നേതൃത്വം ഏതാനും മാസങ്ങളായി ഇക്കാര്യം നിരീക്ഷിച്ചുവരികയായിരുന്നു. ഇക്കാര്യത്തില്‍ ഒട്ടേറെ പരാതികള്‍ സംസ്ഥാന നേതൃത്വത്തിന് ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ജയരാജപരിവേഷത്തെ കുറിച്ച് തെളിവ് കിട്ടിയിട്ടുണ്ട്. അതേസമയം ജയരാജന് എതിരെ കടുത്ത നടപടിയെടുക്കുന്നതില്‍ സംസ്ഥാനനേതൃത്വത്തിന് ആശങ്കയുണ്ട്. താഴേത്തട്ടിലുള്ള സാധാരണ പ്രവര്‍ത്തകരില്‍ ജയരാജന്റെ സ്വാധീനം തന്നെ കാരണം. സെപ്തംബറില്‍ കണ്ണൂരില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗത്തെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം.
മറ്റു പാര്‍ട്ടികളില്‍നിന്ന് രാജിവെച്ചെത്തിയവര്‍ക്ക് കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു മുഖ്യാതിഥി. പക്ഷേ മുദ്രാവാക്യം മുഴുവന്‍ പി. ജയരാജന്. ജയരാജന് സ്വാഗതം പറയുമ്പോഴും ജയരാജന്‍ പ്രസംഗിക്കാനെത്തുമ്പോഴും ഉയരുന്ന മുദ്രാവാക്യങ്ങളുടെ പത്തിലൊന്നു പോലും സംസ്ഥാന സെക്രട്ടറിക്കു ലഭിച്ചില്ല. മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനത്തില്‍ പോലും ജയരാജനായിരുന്നു കയ്യടി കൂടുതല്‍. ജില്ലയിലുടനീളം ജയരാജന്റെ മുഴുനീള ചിത്രമുള്ള ഫ്‌ളെക്‌സുകള്‍ നിരന്നതും നേതാക്കളെ ചൊടിപ്പിച്ചു.