അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : ജിസാനില്‍ കുത്തേറ്റു മരണപെട്ട മലപ്പുറം മേല്‍മുറി ആലത്തൂര്‍ പടി സ്വദേശി മുഹമ്മദ് പുള്ളിയില്‍ എന്ന ബാപ്പുട്ടിയുടെ മയ്യത്ത് തിങ്കളാഴ്ച്ച ഖബറടക്കി. അബൂ ഹാരിഷ് അബ്ദുല്ല ഹാശിര്‍ മഖ്ബറയിലാണ് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കം നടന്നത്. കഴിഞ്ഞ ഡിസംബര്‍ 23 നു ബുധനാഴ്ച്ച അര്‍ധരാത്രിയാണ് ജോലി ചെയ്യുന്ന മിനിമാര്‍ക്കറ്റിനുള്ളില്‍ വെച്ച് ബാപ്പുട്ടി കൊല്ലപ്പെട്ടത്.
പ്രതിയെ ദിവസങ്ങള്‍ക്കകം പിടികൂടിയിരുന്നെങ്കിലും കൊലപാതകമായതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസം സമയമെടുക്കുകയായിരുന്നു.

ജിസാനില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള അബൂ ഹരീഷില്‍ അമല്‍ പെട്രോള്‍ പമ്പിനടുത്തുള്ള ഹകമി സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ മുഹമ്മദ് മിനി മാര്‍ക്കറ്റില്‍ രാത്രി ഗ്ലാസ് വാതില്‍ അടച്ച് ജോലി ചെയ്യുന്നതിനിടെയാണ് കൊല നടന്നത് . പിറ്റേന്ന് രാവിലെ പച്ചക്കറി ഇറക്കാനെത്തിയ മലയാളികളാണ് കൗണ്ടറിനടുത്ത് കഴുത്തിന് ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തെളിവുകള്‍ നശിപ്പിക്കാന്‍ കടയിലുണ്ടായിരുന്ന ക്യാമറയും റിസീവറും നശിപ്പിച്ചിരുന്നു.

പ്രവാസികളെ ഞെട്ടിച്ച ഈ ദാരുണ സംഭവത്തില്‍ പോലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തില്‍ പ്രതിയെ പിടികൂടിയിരുന്നു. ഒരു പാകിസ്ഥാന്‍ സ്വദേശിയെയാണ് ജിസാന്‍ അബുഹരിഷ് പോലീസ് അറസ്റ്റ് ചെയ്തത് . പണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പോലീസിന് മുമ്പില്‍ സമ്മതിച്ചിട്ടുണ്ട്. കൃത്യം നടത്തി ജിദ്ദയിലേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെ അല്‍ഖോസില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. റിസീവറും ക്യാമറയും കണ്ടെത്തി പരിശോധിച്ചപ്പോള്‍ ഇയാള്‍ കൃത്യം ചെയ്യുന്നത് വ്യക്തമായി.

കടയില്‍ ഇയാള്‍ സ്ഥിരം സന്ദര്‍ശകനായിരുന്നത്രെ. ജോലിയന്വേഷിച്ചാണ് കടയില്‍ നിരവധി തവണ വന്നിരുന്നത്. രാത്രി കട അടച്ച ശേഷം മുഹമ്മദ് അകത്തിരുന്ന് പാക്കിംഗ് ജോലികളും മറ്റും ചെയ്യാറുള്ള മുഹമ്മദലിയുടെ നീക്കങ്ങള്‍ മനസ്സിലാക്കിയാണ് പ്രതി അര്‍ദ്ധരാത്രിയില്‍ കടയിലെത്തിയത് .
രണ്ട് സഹോദരങ്ങള്‍ കടയില്‍ ഇല്ലാത്ത നേരം നോക്കിയാണ് പ്രതി കവര്‍ച്ചക്ക് ശ്രമിച്ചത്. പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോകാനിരിക്കെയാണ് പ്രവാസി മലയാളികളെ ഞെട്ടിച്ച ദാരുണ സംഭവം നടന്നത് .

നിയമ നടപടികള്‍ പൂര്‍ത്തിയാക്കാനായി സഹോദരന്‍ ഹൈദര്‍ അലിയോടൊപ്പം ജിസാന്‍ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റും ഇന്ത്യന്‍ കോണ്‍സുലേറ്റ് സോഷ്യല്‍ വെല്‍ഫെയര്‍ അംഗവുമായ ഹാരിസ് കല്ലായി, എന്‍ സി അബ്ദു റഹ്മാന്‍, ഖാലിദ് പട് ല എന്നിവര്‍ രംഗത്തുണ്ടായിരുന്നു. മഖ്ബറയില്‍ നടന്ന ജനാസ നമസ്‌കാരത്തിന് നിസാര്‍ കുറുക്കന്‍ വേങ്ങരയും പ്രാര്‍ത്ഥനക്ക് റഷീദ് മൗലവിയും നേതൃത്വം നല്‍കി.