തിരുവനന്തപുരം: കോട്ടയത്ത് പ്രണയവിവാഹത്തിന്റെ പേരില്‍ കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചാണ് ജോയ് മാത്യു രംഗത്തുവന്നത്.

പ്രണയിച്ച പെണ്ണിനെ വിവാഹം കഴിച്ചതിന് ദുരഭിമാനത്തിന്റെ രക്തസാക്ഷിയായ കെവിന്‍ മരിക്കുമ്പോള്‍ മുന്നൂറോളം സാഹിത്യ കലാ സാംസ്‌കാരിക പ്രവര്‍ത്തകരോട് പൊലീസ് മന്ത്രി കേരളത്തിനു മാത്രമായി പ്രാര്‍ത്ഥനാ ഗാനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് ജോയ് മാത്യു കുറ്റപ്പെടുത്തി.

പ്രണയത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും ജാതിരഹിത വിവാഹങ്ങളെക്കുറിച്ചും കാവ്യങ്ങള്‍ രചിക്കുന്ന സാഹിത്യകാരന്മാര്‍ അപ്പോള്‍ തന്നെ പേനയെടുത്തു പ്രാര്‍ത്ഥനാ ഗാനരചന തുടങ്ങി. അതു കൊണ്ടാണ് കെവിന്റെ കൊലപാതകത്തെപ്പറ്റിയും പൊലീസിന്റെ അനാസ്ഥയെക്കുറിച്ചും സാംസ്‌കാരിക നായകന്മാര്‍ക്ക് ഇപ്പോഴും പ്രതികരിക്കാന്‍ പറ്റാത്തതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രണയിച്ച പെണ്ണിനെ വിവാഹം
കഴിച്ചതിനു ദുരഭിമാനത്തിന്റെ രക്തസാക്ഷിയായ കെവിന്‍ എന്ന യുവാവു മര്‍ദ്ദനമേറ്റ് മരിക്കുമ്പോള്‍ തൃശ്ശൂരില്‍
മൂന്നോറോളം സാഹിത്യ കലാ സാംസ്‌കാരിക പ്രവര്‍ത്തകരോട് പോലീസ് മന്ത്രി കേരളത്തിനു മാത്രമായി
ഒരു പ്രാര്‍ഥനാ ഗാനം. വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു
പ്രണയത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും
ജാതിരഹിത വിവാഹങ്ങളെയുംപറ്റി കാവ്യങ്ങള്‍ രചിക്കുന്ന സാഹിത്യകാരന്മാര്‍ അപ്പോള്‍ തന്നെ പേനയെടുത്തു പ്രാര്‍ഥനാഗാനരചന തുടങ്ങി. അതുകൊണ്ടാണു കെവിന്റെ കൊലപാതകത്തെപ്പറ്റിയും പോലീസിന്റെ അനാസ്ഥയെക്കുറിച്ചും
ഈ സാംസ്‌കാരിക നായകന്മാര്‍ക്ക്
പ്രതികരിക്കാന്‍ ഇപ്പോഴും
പറ്റാത്തത്( പ്രതികരിച്ചാല്‍ വിവരമറിയും എന്നത് മറ്റൊരു കാര്യം)
ഭാഗ്യം ഞാന്‍ ആ മുന്നൂറില്‍പ്പെടില്ല
അതിനാല്‍ ഞാന്‍ എന്റെ പ്രതിഷേധം നിങ്ങളുമായി പങ്കിടുകയാണു
നമുക്ക് പ്രാര്‍ഥനാഗാനം വേണം
പക്ഷെ ആരോടാണു
നാം പ്രാര്‍ഥിക്കേണ്ടത്?