മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന് ജാമ്യം ലഭിച്ചതിനു പിന്നാലെ ഇന്ന് ജയില്‍ മോചിതനായി. 22 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് താരപുത്രന്‍ പുറത്തിറങ്ങുന്നത്. പിതാവ് ഷാരൂഖ് ഖാന്‍ ആര്യനെ സ്വീകരിക്കാന്‍ ജയിലിന് മുന്നിലെത്തിയിരുന്നു. മുംബൈ ആര്‍തര്‍ റോഡ് ജയിലിലായിരുന്ന ആര്യന് മുമ്പ് രണ്ടു തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച കോടതി ജാമ്യം അനുവദിച്ചത്.

ആര്യന്‍ ഖാന് ആള്‍ജാമ്യം നിന്നത് പ്രസിദ്ധ ബോളിവുഡ് നടി ജഹി ചൗളയാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ആര്യന്റെ പിതാവ് ഷാറൂഖ് ഖാന്റെ ഉറ്റ സുഹൃത്താണ് ജൂഹി. ജാമ്യത്തിനായുള്ള ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ഒപ്പുവക്കാന്‍ നടി നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് (എന്‍ഡിപിഎസ്) കോടതിയിലെത്തിയിരുന്നു. ജനിച്ചതു മുതല്‍ ആര്യനെ ജൂഹി ചൗളക്ക് അറിയാമെന്ന് അഭിഭാഷകന്‍ സതീഷ് മനേഷ് ഷിന്‍ഡെ പറഞ്ഞു.

14 ഇന ജാമ്യ വ്യവസ്ഥകളാണ് ഉത്തരവിലുള്ളത്. ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണം, എല്ലാ വെള്ളിയാഴ്ചയും 11 മണിക്കും രണ്ടു മണിക്കും ഇടയില്‍ എന്‍സിബി ഓഫീസില്‍ ഹാജകാരണം, കോടതി വിചാരണയിലും അന്വേഷണ സമയത്തും ആവശ്യപ്പെട്ടാല്‍ എത്തിചേരണം, തെളിവു നശിപ്പിക്കരുത്, രാജ്യം വിടരുത്, പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം എന്നിങ്ങനെയാണ് വ്യവസ്ഥകള്‍. പ്രതികള്‍ വ്യവസ്ഥ തെറ്റിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍.സി.ബിയ്ക്ക് കോടതിയെ സമീപിക്കാം.