ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന ഡോക്ടര്‍ കഫീല്‍ ഖാന് ജാമ്യം. എട്ടുമാസത്തിന് ശേഷമാണ് കഫീല്‍ ഖാന് ജാമ്യം ലഭിക്കുന്നത്. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സിലണ്ടറുകളുടെ കുറവുമൂലം ഓക്‌സിജന്‍ കിട്ടാതെയാണ് എഴുപതിലേറെ കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടത്. സ്വകാര്യ ആസ്പത്രിയില്‍ നിന്ന് ഓക്‌സിജന്‍ സിലണ്ടറുകള്‍ എത്തിച്ച് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍ കഫീല്‍ഖാന്‍ ശ്രമിച്ചതായിരുന്നു അദ്ദേഹത്തിനെ തടവിലാക്കിയത്. ദുരന്തത്തിന് കാരണക്കാരന്‍ ഡോക്ടറാണെന്ന് കാണിച്ച് കഫീല്‍ഖാനെ പിന്നീട് ജയിലടക്കുകയാണുണ്ടായത്. ദുരന്തത്തിന് ശേഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ഡോക്ടറോട് പ്രതികരിച്ചത് മോശമായിട്ടായിരുന്നു.’പുറത്തുനിന്ന് സിലിണ്ടറുകള്‍ കൊണ്ടുവന്ന് കുട്ടികളുടെ ജീവന്‍ രക്ഷിച്ചതിനാല്‍ ഹീറോ ആയെന്ന് കരുതുന്നുണ്ടോ, അത് ഞങ്ങള്‍ നോക്കിക്കോളാം’ എന്നായിരുന്നു യോഗി അന്ന് ഡോക്ടറോട് പറഞ്ഞത്. ഇതിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം ഡോക്ടറെ അറസ്റ്റ് ചെയ്തത്.

തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് കാട്ടി ഡോക്ടര്‍ രംഗത്തെത്തിയിരുന്നു. ശേഷമാണ് അറസ്റ്റ് നടക്കുന്നത്. ഏറെ കാലമായി ജാമ്യത്തിന് ശ്രമിക്കുകയായിരുന്നുവെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല.