ബെംഗളൂരു: എച്ച്.ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് ബി.ജെ.പിക്കെതിരായ വിശാല പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനത്തിന് വേദിയാകും. 12ലധികം പ്രതിപക്ഷപാര്‍ട്ടികളുടെ നേതാക്കന്‍മാരാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുകയെന്നാണ് വിവരം.

തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയ കുമാരസ്വാമി രാഹുല്‍ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും മറ്റ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളേയും ചടങ്ങിന് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിക്കുന്നതായി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എസ്.പി നേതാവ് അഖിലേഷ് യാദവ്, ആര്‍.ജെ.ഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തെജസ്വി യാദവ്, ആര്‍.എല്‍.ഡി നേതാവ് അജിത് സിങ്, ഡി.എം.കെ നേതാവ് സ്റ്റാലിന്‍, ബി.എസ്.പി നേതാവ് മായാവതി, മക്കള്‍ നീതി മയ്യം നേതാവും നടനുമായി കമല്‍ ഹാസന്‍ തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുക്കും.

അതേസമയം ബി.ജെ.പി നേതാക്കളാരും ചടങ്ങില്‍ പങ്കെടുക്കുന്നില്ല. നാളെ കര്‍ണാടകയില്‍ പ്രതിഷേധദിനമായി ആചരിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.