ന്യൂഡല്‍ഹി: ബിജെപിയുടെ സര്‍വ്വ തന്ത്രങ്ങളെയും പരാജയപ്പെടുത്തി നാളെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് – ജെ.ഡി(എസ്) സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 2019 ലെ പൊതു തിരഞ്ഞെടുപ്പിലേക്കുള്ള പ്രതിപക്ഷ ഐക്യനിരയുടെ ആദ്യ കൂടിച്ചേരല്‍ കൂടിയാകും ചടങ്ങ്. ബുധനാഴ്ച്ച വൈകുന്നേരം 4:30 ന് കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല എച്ച്ഡി കുമാരസ്വാമിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

ദേശീയതലത്തില്‍ രൂപപ്പെട്ട് വരാനിടയുള്ള മഹാസഖ്യത്തിന്റെ പ്രാഥമിക കൂടിച്ചേരലായി മാറാന്‍ എല്ലാ സാധ്യതയും കര്‍ണാടക സത്യപ്രതിജ്ഞ ചടങ്ങിന് രാഷ്ട്രീയ വൃത്തങ്ങള്‍ കല്‍പ്പിച്ചു നല്‍കുന്നുണ്ട്. കര്‍ണാടകയില്‍ ബി.ജെ.പി നടത്തിയ വഴിവിട്ട നീക്കങ്ങള്‍ മറ്റ് ബി.ജെ.പി ഇതര എന്നാല്‍ യുപിഎയുടെ ഭാഗമല്ലാത്ത പാര്‍ട്ടികളെ കൂടി പ്രകോപിപ്പിച്ചിട്ടുണ്ട്. വിവിധ ദേശീയ- സംസ്ഥാന പാര്‍ട്ടികള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് ജെ.ഡി (എസ്) മുന്നണിയെ സ്വാഗതം ചെയ്തിട്ടുണ്ട്. ബി.ജെ.പിക്കെതിരെ ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത പൂര്‍ണ്ണാര്‍ത്ഥത്തില്‍ വിളിച്ചോതി രാജ്യത്തിന് പുതിയ സന്ദേശം നല്‍കിയാവും വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കുക.

മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്ക് ചടങ്ങിലേക്ക് കോണ്‍ഗ്രസ് – ജെഡി(എസ്) പാര്‍ട്ടികളുടെ ക്ഷണമുണ്ട്. കര്‍ണാടകയുടെ ചാര്‍ജ്ജുള്ള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ്, ജനതാദള്‍ (സെക്കുലര്‍) ദേശീയ ജനറല്‍സെക്രട്ടറി ഡാനിഷ് അലി എന്നിവരാണ് അവരവരുടെ പാര്‍ട്ടികളുടെ പേരില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്. പി.കെ കുഞ്ഞാലികുട്ടി ചടങ്ങില്‍ പങ്കെടുക്കും.

യു.പി.എ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുന്‍ യു.പി മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവ്, ബി.എസ്പി അധ്യക്ഷ മുന്‍ യു.പി മുഖ്യമന്ത്രി മായാവതി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡു, തെലുങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ് നേതാവുമായ ചന്ദ്രശേഖരറാവു, ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍, രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ്, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ എന്നിങ്ങനെ വന്‍ പ്രതിപക്ഷ നിരയാവും കര്‍ണ്ണാടക സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയാവുക.