തമിഴ്‌നാട് സ്വദേശി തിന്നര്‍ ഒഴിച്ച് തീകൊളുത്തിയ കാസര്‍കോട് സ്വദേശിനി മരിച്ചു. മുന്നാട് പലചരക്ക് കട നടത്തുന്ന രമിതയാണ് (32) മരിച്ചത്. തമിഴ്‌നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം എന്നയാളാണ് പ്രതി.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് ഇയാള്‍ ആക്രമണം നടത്തിയത്. രമിതയുടെ കടയ്ക്കു സമീപമാണ് ഇയാള്‍ ഫര്‍ണിച്ചര്‍ നിര്‍മാണ കട നടത്തുന്നത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഇയാള്‍ രമിതയുടെ കടയിലെത്തി പ്രശ്‌നമുണ്ടാക്കാറുണ്ടായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് യുവതി കെട്ടിട ഉടമയോട് പരാതി പെട്ടതോടെ രാമാമൃതത്തോട് കട ഒഴിയാന്‍ ഉടമസ്ഥന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് മദ്യപിച്ചെത്തിയ ഇയാള്‍ രമിതയെ ആക്രമിച്ചത്.
50 ശതമാനം പൊള്ളലേറ്റ യുവതിയെ ആദ്യം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും പിന്നീട് ആരോഗ്യനില ഗുരുതരമായതോടെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് രമിത മരിച്ചത്. രാമാമൃതം റിമാന്‍ഡിലാണ്.