ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ അമേരിക്കയും ചൈനയും പോലുള്ള മൂന്നാം കക്ഷികളെ വിളിക്കണമെന്ന് ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍.സി) പ്രസിഡണ്ടും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉഭയകക്ഷി നയതന്ത്ര ചര്‍ച്ചകള്‍ വേണമെന്നും അക്രമവും യുദ്ധവും കൊണ്ട് കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

‘എത്രകാലമാണ് നമ്മള്‍ കാത്തിരിക്കാന്‍ പോകുന്നത്? ചിലപ്പോള്‍ കാളയെ കൊമ്പില്‍ പിടിക്കേണ്ടി വരും. യുദ്ധം എന്നാല്‍ ഉന്മൂലനമാണ്. നമുക്കുള്ളതു പോലെ പാകിസ്താനും ആണവായുധങ്ങളുണ്ട്. പ്രശ്‌നം പരിഹരിക്കാനുള്ള വഴി സംഭാഷണം മാത്രമാണ്.’

അന്താരാഷ്ട്ര തലത്തില്‍ നിരവധി സുഹൃത്തുക്കളുള്ള ഇന്ത്യ, കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ അവരെ ക്ഷണിക്കണമന്നും അദ്ദേഹം പറഞ്ഞു.

‘ഒരു സംഭാഷണത്തിന് തുടക്കം കുറിക്കാന്‍ സുഹൃത്തുക്കളെ ക്ഷണിക്കാവുന്നതാണ്. കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം വേണമെന്ന് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നതാണ്. പക്ഷേ, നാം അത് അദ്ദേഹത്തോട് ആവശ്യപ്പെട്ടില്ല. കശ്മീരില്‍ മധ്യസ്ഥത വഹിക്കാമെന്ന് ചൈനയും പറഞ്ഞിട്ടുണ്ട്. പക്ഷേ, ആരെങ്കിലും മുന്‍കൈയെടുക്കണം.’ അഹങ്കാരവും പിടിവാശിയും ഒരു രാജ്യത്തിന്റെ വികസനത്തിലും പുരോഗതിയിലും നല്ല കാര്യമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അബ്ദുല്ലയുടെ പ്രസ്താവനക്കെതിരെ കശ്മീരിലെ ബി.ജെ.പി – പി.ഡി.പി ഭരണകൂടം രംഗത്തെത്തി. പ്രസ്താവനയെ അപലപിക്കുന്നതായും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാകിസ്താനെ അക്രമിക്കുന്നതിനെപ്പറ്റി സംസാരിക്കുന്നയാളായിരുന്നു ഫാറൂഖ് അബ്ദുല്ലയെന്നും കശമീര്‍ ഉപ മുഖ്യമന്ത്രി നിര്‍മല്‍ സിങ് പറഞ്ഞു.