തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഹാജരാവാതെ മുങ്ങി നടക്കുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ ക്ലീന്‍ചിറ്റ് നല്‍കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.രവീന്ദ്രന്‍ വിശ്വസ്തനും സംശുദ്ധനുമാണ്. രവീന്ദ്രന്‍ മനപ്പൂര്‍വം മാറിനില്‍ക്കുന്നതല്ല, രോഗബാധിതനാണ്. മുഖ്യമന്ത്രിയുടെ ഓഫിസിനെ കളങ്കപ്പെടുത്തുക ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ സ്വര്‍ണക്കടത്തിന്റെ അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുമെന്ന ഭയമാണ് സിഎം രവീന്ദ്രന്‍ മുങ്ങാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. പിണറായി വിജയന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ സിഎം രവീന്ദ്രന്‍ അറസ്റ്റിലായാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷം നടന്ന സര്‍വ്വ തട്ടിപ്പുകളും പുറത്തുവരും. ഇത് തടയാനാണ് സിഎം രവീന്ദ്രനെ ഏത് വിധേനയും രക്ഷിച്ചെടുക്കാന്‍ സിപിഎം ശ്രമിക്കുന്നത്.

അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പിണറായിയെ മാറ്റുന്നതിനെ സംബന്ധിച്ച ചര്‍ച്ചകളും സിപിഎമ്മില്‍ സജീവമാണ്. സിപിഎം കേന്ദ്ര നേതൃത്വം ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് പിണറായി വിജയനെ പ്രചാരണരംഗത്ത് നിന്ന് മാറ്റി നിര്‍ത്തിയിരിക്കുന്നത്.