തിരുവനന്തപുരം: സിനിമാ പ്രതിസന്ധി തുടരുന്നതിനിടെ സര്‍ക്കാരിന് നിര്‍ദ്ദേശവുമായി നടനും എംഎല്‍എയുമായ കെബി ഗണേഷ്‌കുമാര്‍. തലപ്പത്തുള്ളവര്‍ക്ക് സ്വാര്‍ത്ഥ താല്‍പ്പര്യം മാത്രമാണുള്ളതെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു.

തലപ്പത്തുള്ളവര്‍ക്ക് സ്വാര്‍ത്ഥ താല്‍പ്പര്യം മാത്രമാണുള്ളത്. സംഘടനകളാണ് സമരം നടത്തുന്നത്. ഇത് വലിയ ഒരു സാമൂഹ്യപ്രശ്‌നമൊന്നുമല്ല. സര്‍ക്കാരിന് ഇതിലൊന്നും ഇടപെടേണ്ടതിന്റെ ആവശ്യമില്ലെന്നും പ്രശ്‌നങ്ങള്‍ സംഘടനകള്‍ സ്വയം സൃഷ്ടിച്ചതാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

സമരം തീര്‍ക്കാന്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന രഹസ്യചര്‍ച്ചയും പരാജയമായിരുന്നു. ക്രിസ്മസ് റിലീസുകളായിരുന്ന സിനിമകള്‍ ഇനി വിതരണത്തിന് നല്‍കിയാല്‍ 70ശതമാനം തിയ്യേറ്റര്‍ വിഹിതമായി നല്‍കണമെന്ന നിലപാട് തര്‍ക്കം രൂക്ഷമാക്കുകയായിരുന്നു. ലിബര്‍ട്ടി ബഷീറിനെ ഒഴിവാക്കി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ മറ്റ് സംസ്ഥാന ഭാരവാഹികളുമായിട്ടായിരുന്നു ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നത്. എന്നാല്‍ ഇതും പരാജയപ്പെടുകയായിരുന്നു.