ആലുവ: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിനെ പിന്തുണച്ച് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ. കോടതി വിധി വരുന്നതു വരെ ദിലീപ് കുറ്റവാളിയല്ലെന്ന് ഗണേഷ്‌കുമാര്‍ പ്രതികരിച്ചു. ആലുവ ജയിലില്‍ ദിലീപിനെ കാണാനെത്തിയതിനു ശേഷം മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കോടതി കുറ്റവാളിയെന്ന് പറയുന്നതു വരെ താന്‍ അദ്ദേഹത്തെ തള്ളിപ്പറയില്ല. ദിലീപിന്റെ നല്ല കാലത്ത് ഔദാര്യം പറ്റി നടന്നവരാണ് അദ്ദേഹത്തിന് ഒരാപത്തു വന്നപ്പോള്‍ തള്ളിപ്പറയുന്നത്. സിനിമാ മേഖലയില്‍ ഉള്ളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കുകയാണ് വേണ്ടത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ശരിയായ വഴിക്കല്ലെന്ന് താന്‍ പറയുന്നില്ല. എന്നാല്‍ പൊലീസിന് തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപ്പെട്ട് തിരുത്തണം. ഒരു സുഹൃത്തെന്ന നിലയിലാണ് താന്‍ ജയിലില്‍ ദിലീപിനെ കാണാനെത്തിയതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.