ന്യൂഡല്‍ഹി: ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രളയ ദുരന്തത്തിന് മുന്നില്‍ എല്ലാം ഭിന്നതകളും മറന്ന് മനുഷ്യര്‍ ഒന്നാവുകയും വിദേശ രാജ്യങ്ങള്‍ പോലും സഹായവാഗ്ദാനവുമായി രംഗത്ത് വരികയും ചെയ്യുമ്പോഴും വിദ്വേഷപ്രചാരണം അവസാനിപ്പിക്കാതെ സംഘപരിവാര്‍ നേതാക്കള്‍. അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാവ് സ്വാമി ചക്രപാണിയാണ് മലയാളികള്‍ക്കെതിരെ പുതിയ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. മലയാളികള്‍ ബീഫ് കഴിക്കുന്നവരാണെന്നും അവരെ സഹായിക്കരുതെന്നും ചക്രപാണി പറഞ്ഞു. ബീഫ് കഴിക്കുന്നവരെ സഹായിക്കുന്നത് പാപമാണ്. കുറച്ചു പേര്‍ ബീഫ് കഴിക്കുന്നതുകൊണ്ടാണ് പാവപ്പെട്ട നിരവധി ജനങ്ങള്‍ വെള്ളപ്പൊക്കത്തില്‍ മരിക്കാനിടയായതെന്നും ചക്രപാണി പറഞ്ഞു.

‘മലായാളികളെ സഹായിക്കണമെന്നാണ് ഞാനും പറയുന്നത്. എന്നാല്‍ പ്രകൃതിയേയും സൃഷ്ടികളേയും ബഹുമാനിക്കുന്നവരെ മാത്രമാണ് സഹായിക്കേണ്ടത്. കേരളത്തില്‍ റൊട്ടി ലഭ്യമാണെന്നിരിക്കെ അവര്‍ പശുവിനെ കൊല്ലുകയും അതിന്റെ ഇറച്ചി തിന്നുകയും ചെയ്യുന്നു. ബീഫ് കഴിക്കാത്തവരെ മാത്രമേ ഹിന്ദുക്കള്‍ സഹായിക്കാവൂ എന്നാണ് എന്റെ അഭിപ്രായം’-ചക്രപാണി പറഞ്ഞു.

വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി സംഘപരിവാര്‍ നേതാക്കളാണ് കേരളത്തിനെതിരെ വിദ്വേഷ പ്രസ്താവനകളുമായി രംഗത്ത് വന്നത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ പിന്തുണച്ചതിനാലാണ് വെള്ളപ്പൊക്കമുണ്ടായതെന്നായിരുന്നു ആര്‍.എസ്.എസ് നേതാവായ ഗുരുമൂര്‍ത്തിയുടെ അഭിപ്രായം. ഇദ്ദേഹത്തെ അടുത്തിടെയാണ് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്റെ സ്വതന്ത്ര ചുമതലയുള്ള ഡയരക്ടറായി നിയമിച്ചത്.

ദുരിതാശ്വാസനിധിയിലേക്കുള്ള ഹിന്ദുക്കളുടെ സംഭാവനകള്‍ സേവാഭാരതിയുടെ അക്കൗണ്ടിലേക്ക് മാത്രമേ അയക്കാവൂ എന്നായിരുന്നു ഹിന്ദുത്വവാദിയും അഭിഭാഷകനുമായ പ്രശാന്ത് പട്ടേല്‍ ഉംറാവു പറഞ്ഞത്. എങ്കില്‍ മാത്രമേ അത് ഹിന്ദുക്കള്‍ക്ക് കിട്ടുകയുള്ളൂ. മറ്റു രാജ്യങ്ങളും സംഘടനകളുമെല്ലാം ഹിന്ദുക്കള്‍ക്ക് ഒരു സഹായവും ചെയ്യുന്നില്ലെന്നും അവര്‍ അവരുടെ സമുദായത്തിന് മാത്രമാണ് സഹായം ചെയ്യുകയെന്നും ഉംറാവു ട്വീറ്റ് ചെയ്തിരുന്നു.