ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളോട് പരമാവധി സഹകരിച്ച് നഗരങ്ങളില്‍ പൊതുജനം പുറത്തിറങ്ങാതെയായപ്പോള്‍ പരിശോധന ഗ്രാമങ്ങളിലേക്ക് മാറ്റി പൊലീസ്. കഴിഞ്ഞ ദിവസം മുതലാണ് പൊലീസ് സംഘങ്ങള്‍ ഗ്രാമങ്ങളിലെ പ്രധാന റോഡുകളില്‍ പരിശോധന തുടങ്ങിയത്. ഇതറിയാതെ ചെറിയ ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങിയവര്‍ കുടുങ്ങി. ലോക്ക്ഡൗണിന്റെ ഭാഗമായി പരിശോധന കര്‍ശനമാക്കുകയും ദിവസവും നിശ്ചിത കേസുകള്‍ എടുക്കണമെന്നും പൊലീസിന് നിര്‍ദേശമുണ്ട്. ഇതിന് നിയമിതമായ പ്രത്യേക സംഘം ക്വാട്ട പൂര്‍ത്തിയാക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പട്ടണങ്ങള്‍ വിട്ട് പരിശോധന ഗ്രാമങ്ങളിലേക്ക് മാറ്റിയത്. കര്‍ശന പരിശോധനയെ തുടര്‍ന്ന് പട്ടണങ്ങളില്‍ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരുന്നു.
ഇവിടെ വാഹന പരിശോധന കുറച്ചാണ് തൊട്ടടുത്ത പ്രദേശങ്ങളിലേക്ക് നീങ്ങിയത്. അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള യാത്രക്ക് ഇളവ് നല്‍കുന്നുണ്ടെങ്കിലും മറ്റു യാത്രകള്‍ പിടികൂടുന്നുണ്ട്. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കേസെടുക്കുന്നതിനോടൊപ്പം പിഴയും ഈടാക്കും. ലോക്ക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ സംസ്ഥാനത്ത് അരലക്ഷത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിഴയായി വലിയൊരു തുക സര്‍ക്കാറിന് വരുമാനവും ലഭിച്ചിട്ടുണ്ട്. ലോക്ക്ഡൗണിന്റെ മറവില്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ അമിതാധികാരം ഉപയോഗിക്കുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അത്യാവശ്യ യാത്രക്ക് സ്റ്റേഷനില്‍ ലഭിക്കുന്ന അപേക്ഷകള്‍ ഇവര്‍ അനുവദിക്കുന്നില്ല. അതേസമയം പരിശോധനക്ക് ആവശ്യമായ പൊലീസുകാരുടെ കുറവ് പല സ്‌റ്റേഷനിലും പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. 1300 പൊലീസുകാരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1000ത്തിലധികം പേര്‍ ക്വാറ ന്റീനിലുമാണ്. ഇതിനാല്‍ കുറച്ച് പേരെ റിസര്‍വ് നിര്‍ത്തണമെന്ന നിര്‍ദേശം നടപ്പായിട്ടില്ല. റോഡ് പരിശോധനക്ക് നിയമിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ ഫീല്‍ഡിലും പരിശോധനക്ക് പോകുന്നത്. അതിനിടെ കോവിഡ് രോഗികള്‍ക്ക് സുരക്ഷാ ആപ്പ് നല്‍കാനും പൊലീസുകാര്‍ക്ക് ഡ്യൂട്ടിയുണ്ട്. രോഗികള്‍ താമസിക്കുന്ന സ്ഥലം വേഗത്തില്‍ കണ്ടെത്താനാണ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കുന്നത്. വാര്‍ഡുതല രോഗികളുടെ വിവരങ്ങളും സ്‌റ്റേഷന്‍ ഓഫിസര്‍ക്ക് പൊലീസുകാര്‍ കൈമാറണം.