ദൈനംദിനം രാജ്യത്താകെ കാണപ്പെടുന്ന രാഷ്ട്രീയ സംഭവങ്ങള്‍ വിലയിരുത്തിയാല്‍ മതേതര ഇന്ത്യയുടെ തകര്‍ച്ചയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് വ്യക്തം. കോടാനുകോടി ഇന്ത്യക്കാര്‍ സഹസ്രാബ്ദങ്ങളായി കെട്ടിപ്പൊക്കിയ ഇന്ത്യയുടെ ബഹുസ്വര പൈതൃകം നാശമടയുകയാണ്. മതേതരത്വം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട രാഷ്ട്രീയകക്ഷികളുടെ ഇപ്പോഴത്തെ അവസ്ഥ പ്രത്യാശക്ക് വകനല്‍കുന്നതുമല്ല. വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടക്കുന്നത് അബദ്ധമാണ്. വര്‍ഗീയധ്രുവീകരണവും ഏകാധിപത്യവും ഫാസിസ്റ്റ് നടപടികളും പ്രതിരോധിക്കപ്പെടാതെ മുന്നേറുകയാണ്. മതേതര മഹാസഖ്യമെന്ന് കൊട്ടിഘോഷിച്ച ബീഹാറിന്റെ മാതൃക നിലംപൊത്തിക്കഴിഞ്ഞു.

അധികാരത്തോടുള്ള അടങ്ങാത്ത ആര്‍ത്തി അവിടെ വിജയം കണ്ടു. മതേതരത്വവും ബഹുസ്വര ആദര്‍ശങ്ങളും തെരുവിലേക്ക് വലിച്ചെറിഞ്ഞ് നിതീഷ്‌കുമാര്‍ ഫാസിസ്റ്റ് ശക്തികള്‍ക്ക് കീഴടങ്ങി. ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിലെ കുതിരക്കച്ചവടം ഭയപ്പെട്ട് ബംഗലൂരുവില്‍ അഭയംതേടിയ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ സങ്കേതത്തെയും അവരെ സംരക്ഷിക്കുന്നവരെയും ലക്ഷ്യമാക്കി ആദായനികുതി ഉദ്യോഗസ്ഥരുടെ വേഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടന്നുകയറി. കള്ളപ്പണവും നികുതിവെട്ടിപ്പും കണ്ടെത്തി കുറ്റവാളികളെ ശിക്ഷിക്കേണ്ടത് രാഷ്ട്ര താല്‍പര്യം തന്നെയാണ്. അത് എല്ലാ ദിവസവും ആകാവുന്നതാണ്. അതിനായി തെരഞ്ഞെടുത്ത സമയം രാഷ്ട്രീയ മേലാളന്‍മാര്‍ക്കുകൂടി സഹായകരമാകത്തക്കവിധം സംഗതികള്‍ ആസൂത്രണം ചെയ്യാന്‍ കേന്ദ്രത്തിന് കഴിഞ്ഞു.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറ്റക്കാര്‍ക്കു സഹായകരമാക്കാന്‍ ഗുജറാത്തില്‍ നോട്ടയുടെ സാന്നിധ്യം ബാലറ്റില്‍ ഉറപ്പുവരുത്താനും അവര്‍ക്കുകഴിഞ്ഞു. ബംഗാളില്‍തന്നെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ നോമിനേഷന്‍ തള്ളപ്പെട്ടു. അതില്‍ എന്തെങ്കിലും നിഗൂഢതയുണ്ടോ എന്നറിയില്ല. നോമിനേഷന്‍കൊടുത്ത സ്ഥാനാര്‍ത്ഥി ബോധപൂര്‍വം അതിന് സൗകര്യമൊരുക്കിയോ എന്നും അറിയില്ല.

കേരളത്തില്‍ ഭരണം നടത്തുന്ന മുന്നണിയുടെ നേതൃത്വവും ഇടതുപക്ഷ മുഖ്യന്‍ പിണറായിയും ചെയ്തുകൊണ്ടിരിക്കുന്ന മണ്ടത്തരങ്ങള്‍ ഇവിടെ വര്‍ഗീയ ഫാസിസ്റ്റുകളെ ഫലത്തില്‍ സഹായിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരോട് മാന്യമായി പെരുമാറാന്‍ പോലും ബുദ്ധിശൂന്യതയും ധാര്‍ഷ്ഠ്യവും മുഖ്യനെ അനുവദിക്കുന്നില്ല. ബി.ജെ.പിക്കെതിരെ ഉയര്‍ന്ന മെഡിക്കല്‍ അഴിമതിയും ഹവാലയും കള്ളനോട്ട്‌കേസും രാഷ്ട്രീയമായി ആ പാര്‍ട്ടിക്കേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറാന്‍ അവരെ സഹായിച്ചത് സി.പി.എം നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും ചില വീഴ്ചകളാണ്. അക്രമരാഷ്ട്രീയം മുറുകെപിടിക്കുന്ന സി.പി.എം തിരുവനന്തപുരത്തും കണ്ണൂര്‍ മോഡല്‍ ആവര്‍ത്തിക്കാന്‍ അവസരമുണ്ടാക്കിയത് വന്‍ തിരിച്ചടിയായി. തിരുവനന്തപുരത്തെ സംഘര്‍ഷങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് കേരളത്തില്‍ തലയിടാന്‍ വഴിയൊരുക്കി. കേരളത്തിലെ ഇടതുസര്‍ക്കാരിനെതിരെ അവസരംപാര്‍ത്തുകഴിയവെ ഈ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ഗവര്‍ണ്ണര്‍ വിളിച്ചുവരുത്തിയതും അതിനെതുടര്‍ന്ന് സി.പി.എം-ബി.ജെ.പി നേതാക്കളെ ഒരുമിച്ചിരുത്തി സമാധാന സമ്മേളനം നടത്തിയതും ക്ഷീണമുണ്ടാക്കിയത് സി.പി.എമ്മിനാണ്. കേരളത്തില്‍ വളരെ ചെറിയൊരു കക്ഷിയായിരുന്ന ബി.ജെ.പിയുടെ പദവി ഉയര്‍ത്താന്‍ അതുകാരണമായി.

ജനാധിപത്യത്തിലും സമാധാനപരമായ സഹവര്‍ത്തിത്വത്തിലും കാര്യമായ വിശ്വാസമൊന്നുമില്ലാത്ത പാര്‍ട്ടിയാണ് സി.പി.എം. എങ്കിലും ദേശീയതലത്തില്‍ അതു വളരെ ചെറിയ കക്ഷിയാകയാല്‍ തല്‍ക്കാലം അത് വിസ്മരിക്കാം. ഏകാധിപത്യവും സര്‍വാധിപത്യവും നടത്താനുള്ള കഴിവൊന്നും അവര്‍ക്കിപ്പോഴില്ലല്ലോ. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ശക്തി ഉണ്ടായിരുന്ന എല്ലാ രാജ്യത്തും അവരുടെ വഴികള്‍ ജനാധിപത്യവിരുദ്ധമായിരുന്നു. ഇപ്പോഴും അങ്ങിനെയാണുതാനും. ഇന്ത്യയില്‍ പക്ഷേ അതിനൊന്നും യാതൊരുകോപ്പുമില്ല. കേരളത്തില്‍ അവര്‍ക്ക് സ്വാധീനമുള്ള ഒരു ജില്ല കണ്ണൂരാണ്. അവിടെ അവര്‍ രാഷ്ട്രീയ പ്രതിയോഗികളെ നിഷ്ഠൂരം കൊന്നു തള്ളിയിട്ടുണ്ട്. ഭരണത്തിലാവുമ്പോഴും പ്രതിപക്ഷത്താവുമ്പോഴും അത് തുടര്‍ന്നു.

ഉത്തരേന്ത്യയില്‍ ഇല്ലാത്ത കാരണങ്ങളുണ്ടാക്കി ദലിതരേയും ന്യൂനപക്ഷവിഭാഗത്തില്‍പെട്ട മുസ്‌ലിംകളെയും ക്രൈസ്തവരെയുമൊക്കെ സംഘ്പരിപാര്‍ ശക്തികള്‍ യഥേഷ്ടം കൊന്നൊടുക്കുന്നുണ്ട്. ആയുധധാരികളായ ആള്‍ക്കൂട്ടങ്ങളുടെ ഈ അഴിഞ്ഞാട്ടം കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെയാണ് നടക്കുന്നത്. ഒരിടത്തും അത്തരം കൊലയാളികള്‍ക്കെതിരെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആള്‍ക്കൂട്ടമെന്ന പേരിട്ട് തള്ളിക്കളയാവുന്ന ഒന്നല്ല ഇത്. ആസൂത്രിതമായി സംഘ്പരിവാര്‍ നടത്തുന്ന കൊലകളാണ് ഇവയെല്ലാം. അതിനെതിരെ മതേതര ശക്തികളോട് ചേര്‍ന്ന് പൊരുതാനുള്ള ധാര്‍മ്മികശേഷിയെ നഷ്ടപ്പെടുത്തരുത്. അക്രമങ്ങള്‍ ആര് നടത്തിയാലും തെറ്റുതന്നെയാണ്.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മതേതരശക്തികള്‍ക്ക് ദേശീയതലത്തില്‍ വിജയംവരിക്കാനുള്ള സാധ്യത വളരെ വിരളമാണ്. മഹാഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനതയുടെ മതേതര പ്രതിബദ്ധതയെ പ്രതിനിധീകരിക്കാന്‍ പ്രാപ്തിയും വിശ്വസ്തതയുമുള്ള ഒരു രാഷ്ട്രീയ കക്ഷിയോ കക്ഷികളുടെ കൂട്ടുകെട്ടോ ഇപ്പോള്‍ മുമ്പിലില്ല. കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രതീക്ഷക്ക് വക കാണുന്നില്ല. നിരാശാജനകമായ ഈ രാഷ്ട്രീയ അന്തരീക്ഷം മാറ്റിമറിക്കാന്‍ ശക്തമായ പരിശ്രമങ്ങള്‍ ദേശവ്യാപകമായി നടത്താന്‍ വൈകിപ്പോയി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന ധീരോദാത്തമായ പോരാട്ടത്തിന് സമാനം ഇന്ത്യയുടെ ബഹുസ്വരത സംരക്ഷിക്കാനും ജനാധിപത്യവും ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കാനും ദേശവ്യാപക പ്രക്ഷോഭങ്ങളാണ് വേണ്ടത്. പാര്‍ലമെന്റിനകത്ത് നടക്കുന്ന ചില പ്രതിഷേധങ്ങള്‍ സ്വാഗതാര്‍ഹമാണെങ്കിലും സാധാരണക്കാരായ ഇന്ത്യക്കാരെ അണിനിരത്തിയുള്ള പ്രതിരോധം ആവശ്യമാണ്.

ദേശീയ തലത്തില്‍ കരുത്തുള്ള ഏതെങ്കിലും കക്ഷികള്‍ അതിന് മുന്‍കൈയ്യെടുക്കണം. തികച്ചും സമാധാനപരമായ ഇന്ത്യന്‍ മാര്‍ഗങ്ങളാണ് അതിന് തെരഞ്ഞെടുക്കേണ്ടത്. അത്തരം മതേതരമഹാസഖ്യങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കണം. മതപരമായ ഉള്ളടക്കത്തിലൂന്നുകയുമരുത്. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവ ജനത എന്നും മതേതരത്വത്തിനുവേണ്ടി നിലകൊണ്ടവരാണ്. അവരൊന്നും സംഘ്പരിവാര്‍ അനുകൂലികളല്ല. പക്ഷേ അവര്‍ക്ക് ഉത്തമവിശ്വാസത്തോടുകൂടി അണിനിരക്കാന്‍ ഏത് കക്ഷിയാണുള്ളത്? ബി.ജെ.പിയുടെ കരുത്തുറ്റ തന്ത്രശാലികളായ നേതാക്കളോട് കിടപിടക്കാന്‍ ദേശീയതലത്തില്‍ എത്ര നേതാക്കളുണ്ട്? മതേതരകക്ഷികളെ നയിക്കാന്‍ പ്രാപ്തരും വിശ്വസ്തരും സത്യസന്ധരുമായ രാഷ്ട്ര തന്ത്രജ്ഞന്മാരായ നേതാക്കളാണവശ്യം. എല്ലാവിഭാഗം ജനങ്ങള്‍ക്കും നേതൃത്വംനല്‍കാന്‍ അവര്‍ക്ക് കഴിയണം. ഇന്ത്യയില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഭരണം നടത്തുന്ന ബി.ജെ.പിയെയും സഖ്യകക്ഷികളെയും ലഘൂകരിച്ച് കാണരുത്. നിസ്സാരമായ ഒരു ശക്തിയെയല്ല മതേതര പാര്‍ട്ടികള്‍ക്ക് നേരിടാനുള്ളത്. കോര്‍പറേറ്റ് ഭീമന്‍മാരുടെയും അമേരിക്കയുടെയും ഇസ്രഈലിന്റെയുമൊക്കെ പിന്തുണയുള്ള ഒരു തീവ്രവലതുപക്ഷ ഫാസിസ്റ്റ് ശക്തിയാണ് ഇന്ത്യയില്‍ ഓരോ ദിവസവും പിടിമുറുക്കിക്കൊണ്ടിരിക്കുന്നത്. അധികാരവും പണവും നേടാന്‍ എപ്പോഴും ചാഞ്ചാടിക്കൊണ്ടിരിക്കുന്ന അതിനപ്പുറം ഒരു ആദര്‍ശവുമില്ലാത്ത നേതാക്കളും പാര്‍ട്ടികളുമൊക്കെ മതേതരത്വം സംരക്ഷിക്കുമെന്ന ആഗ്രഹം ആര്‍ക്കും വേണ്ട.

ദലിതരും മുസ്‌ലിം ന്യൂനപക്ഷങ്ങളും ഇത്രയേറെ പീഡനങ്ങളനുഭവിച്ചിട്ടും ആള്‍ക്കൂട്ടങ്ങള്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ നടുറോഡിലിട്ട് മനുഷ്യരെ തല്ലിക്കൊന്നിട്ടും വന്‍തോതില്‍ ദലിതരോ മുസ്‌ലിംകളോപോലും അതിനെതിരെ കാര്യമായ പ്രതിഷേധങ്ങളൊന്നും ഉയര്‍ത്തിയിട്ടില്ല. ഇപ്പോള്‍ മുസ്‌ലിം ന്യൂനപക്ഷം വ്യത്യസ്ത സംഘടനകളായി നിന്ന് പരസ്പരം വെല്ലുവിളിക്കുകയാണ്. താന്‍പ്രമാണിത്തത്തിലും പൊങ്ങച്ചത്തിലും അഭിരമിക്കുകയാണ്. മതേതര കക്ഷികളാവട്ടെ പരസ്പരം പോരടിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പോടുകൂടി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇനിയും ചെറുതും വലുതുമായ ഏതാനും കക്ഷികള്‍കൂടി മോദിയുടെ പക്ഷത്തേക്ക് പോകാനുള്ള സാധ്യതയുണ്ട്. മതേതരപക്ഷത്തെ അത് കൂടുതല്‍ ദുര്‍ബ്ബലമാക്കും. മതേതരത്വത്തിന്റെ കൊടിപിടിക്കാന്‍ അപ്പുറത്ത് നിന്നും അടുത്തകാലത്തായി ആരെങ്കിലും പുതുതായി വരാന്‍ സാധ്യതയുമില്ല. രാജ്യസ്‌നേഹികള്‍ ഈ സാഹചര്യം ചര്‍ച്ച ചെയ്യട്ടെ. പരിഹാരം കാണട്ടെ.