സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നത് ആര്‍.എസ.്എസിന്റെ സ്വപ്നം മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കഴിയുമെങ്കില്‍ പിരിച്ചുവിടട്ടെ എന്നും കോടിയേരി വെല്ലുവിളിച്ചു.

കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ട സമയം കഴിഞ്ഞുവെന്ന് ആര്‍.എസ്.എസ് സഹസര്‍കാര്യവാഹക് ദത്താത്രേയ ഹൊസബലെ ഡല്‍ഹിയില്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളെക്കുറിച്ച് കോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം വേണം. സര്‍ക്കാരിന്റെ സഹായത്തോടെ സി.പി.എം ആക്രമണം അഴിച്ചുവിടുകയാണെന്നും ഇക്കാര്യത്തില്‍ കേന്ദ്രം വിവേകപൂര്‍ണ്ണമായ തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്നുമായിരുന്നു ദത്താത്രേയ ഹൊസബലെ ഡല്‍ഹിയില്‍ പറഞ്ഞത്.

ആര്‍.എസ്.എസ് നേതാവിന്റെ പ്രസ്താവനയോട് രൂക്ഷമായാണ് കോടിയേരി പ്രതികരിച്ചത്. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ സംഭവം നിസാരവല്‍ക്കരിക്കാന്‍ സി.പി.എം ശ്രമം നടത്തുന്നതിനിടെയാണ് ആര്‍.എസ്.എസ് നേതാവിന്റെ പ്രകോപനപരമായ പ്രസ്താവന. ഇതിനോട് കോടിയേരി മാത്രമാണ് പ്രതികരിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരണത്തിന് തയാറാകാത്തതും ശ്രദ്ധേയമാണ്.

കേരളത്തില്‍ രാഷ്ട്രപതി ഭരണം എന്നത് ആര്‍.എസ്.എസിന്റെ ആഗ്രഹമാണെന്ന് കോടിയേരി പറഞ്ഞു. പല രീതിയില്‍ അവര്‍ അത് പ്രകടിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ സര്‍ക്കാരിനെ പിരിച്ചുവിടാമെങ്കില്‍ പിരിച്ചുവിടട്ടെ. ഓലപ്പാമ്പ് കാട്ടി ഞങ്ങളെ പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നും കോടിയേരി പറഞ്ഞു. കേരള നിയമസഭ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്നവര്‍ ഒ.രാജഗോപാല്‍ എം.എല്‍.എയോട് വൈരാഗ്യം ഉള്ളവരാണ്.

നിലവിലുള്ള ഒരംഗത്തെ നഷ്ടപ്പെടുത്താന്‍ മാത്രമേ അത്തരം നീക്കങ്ങള്‍ ഉപകരിക്കൂ. കൊലപാതകങ്ങളുടെ എണ്ണം നോക്കി സര്‍ക്കാരിനെ പിരിച്ചുവിടാമെങ്കില്‍ ആദ്യം ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിടണം. കേരളത്തെ കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടത്താനാണ് അരുണ്‍ ജെയ്റ്റ്ലി അടക്കമുള്ള നേതാക്കള്‍ കേരളത്തിലേക്ക് വരുന്നത്. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങള്‍ തകര്‍ക്കാനാണ് അമിത് ഷാ കേരളത്തിലെ ബി.ജെ.പിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കേരളത്തെക്കുറിച്ച് ബി.ജെ.പി കുപ്രചരണം നടത്തുകയാണ് – കോടിയേരി പറഞ്ഞു.
അതേസമയം കേരളത്തില്‍ സി.പി.എം നടത്തുന്ന ആക്രമണങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ മുന്നില്‍ തുറന്ന് കാട്ടുമെന്ന് ആര്‍.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബൊളെ പറഞ്ഞു. കേവലം സി.പി.എം-ആര്‍.എസ്.എസ് സംഘട്ടനമല്ല കേരളത്തില്‍ നടക്കുന്നത്. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ അക്രമം വ്യാപിപ്പിക്കുകയാണ് സി.പി.എം ചെയ്യുന്നതെന്ന് ദത്താത്രേയ ആരോപിച്ചു. കോടിയേരിയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനും രംഗത്തെത്തി. ആര്‍.എസ്.എസിന്റെ മേല്‍ ആരോപിക്കുന്ന കൊലപാതകങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് കുമ്മനം പറഞ്ഞു.