തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പിന്നാലെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെയും കാലാവധി രണ്ട് വര്‍ഷമാക്കി കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അനുമതി നല്‍കിയെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമാക്കി സര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് മാത്രമാണ് നിലവില്‍ മൂന്ന് വര്‍ഷത്തെ കാലാവധിയുണ്ടായിരുന്നത്. മലബാര്‍ ദേവസ്വംബോര്‍ഡിന്റെ കാലാവധിയും രണ്ടു വര്‍ഷമാണ്.
കൊച്ചിന്‍ ദേവസ്വംബോര്‍ഡിന്റെ കാലാവധി വെട്ടിക്കുറച്ചതോടെ നിലവിലെ ഡോ.എം.കെ സുദര്‍ശന്‍ പ്രസിഡന്റായ ഭരണസമിതി അടുത്ത നവംബറില്‍ സ്ഥാനമൊഴിയും. എന്‍ ഉണ്ണികൃഷ്ണന്‍, അഡ്വ. ടി.എന്‍ അരുണ്‍കുമാര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഇക്കഴിഞ്ഞ സെപ്തംബറിലാണ് മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ഒ.കെ വാസു പ്രസിഡന്റും അംഗങ്ങളായി പി.പി വിമല, ശശികുമാര്‍ പേരാമ്പ്ര, ടി.എന്‍ ശിവശങ്കരന്‍, പി.എം സാവിത്രി, എ പ്രദീപന്‍, ടി.കെ സുബ്രഹ്മണ്യന്‍, കൊട്ടറ വാസുദേവ്, വി കേശവന്‍ എന്നിവര്‍ ചുമതലയേറ്റത്.
നാല് വര്‍ഷമായിരുന്ന ദേവസ്വം ബോര്‍ഡിന്റെ കാലാവധി 2007ല്‍ എല്‍.ഡി.എഫ് സര്‍ക്കാരാണ് രണ്ട് വര്‍ഷമാക്കി ചുരുക്കിയത്. 2014 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ മൂന്ന് വര്‍ഷമാക്കി ഉയര്‍ത്തി. അതേസമയം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ എം.എല്‍.എയും പത്തനംതിട്ട സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എ.പത്മകുമാറും ബോര്‍ഡ് അംഗമായി സി.പി.ഐയിലെ കെ.പി ശങ്കരദാസും ഇന്നലെ ചുമതലയേറ്റു. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കാലാവധി വെട്ടിക്കുറക്കാന്‍ തീരുമാനിച്ചത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ തിങ്കളാഴ്ച സര്‍ക്കാറിനോട് വിശദീകരണമാവശ്യപ്പെട്ടെങ്കിലും ചൊവ്വാഴ്ച സര്‍ക്കാര്‍ നല്‍കിയ മറുപടി കണക്കിലെടുത്ത് ഓര്‍ഡിനന്‍സില്‍ അദ്ദേഹം ഒപ്പുവെക്കുകയായിരുന്നു. കാലാവധി വെട്ടിക്കുറച്ചതോടെ അടുത്ത നവംബറില്‍ ഒഴിയേണ്ട പ്രയാര്‍ ഗോപാലകൃഷ്ണന്റേയും അജയ് തറയിലിന്റേയും കാലാവധി കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചു.