തിരുവനന്തപുരം: തിരുവനന്തപുരത്തെ അക്രമസംഭവങ്ങളില്‍ വിശദീകരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെ വിളിപ്പിച്ച വിവരം ട്വീറ്റ് ചെയ്ത ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നടപടിയെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണറുടെ നടപടി ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് കോടിയേരി പ്രതികരിച്ചു. പാര്‍ട്ടി പത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചത്. ഭരണാഘടന ലംഘിച്ച് നീക്കം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റാരെയും അനുവദിക്കില്ല. ഈ വിഷയത്തില്‍ ഉപദേശകന്റെ റോള്‍ മാത്രമാണ് ഗവര്‍ണര്‍ക്കുള്ളത്. കൂടിക്കാഴ്ചക്കു ശേഷം മുഖ്യമന്ത്രിയെ രാജ്ഭവനില്‍ ‘സമണ്‍’ ചെയ്‌തെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത് ജനാധിപത്യവ്യവസ്ഥിതിക്ക് ഉചിതമല്ല. അത്തരമൊരു ട്വിറ്റര്‍ സന്ദേശം ഗവര്‍ണര്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.