മുംബൈ: ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ടീമിനെ ഇന്ന് പ്രഖ്യാപിക്കും. അഞ്ച് ടെസ്റ്റ് മത്സരത്തിനുളള ഇന്ത്യന്‍ ടീമിനെയാണ് മുംബൈയില്‍ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കുക. മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. മുതിര്‍ന്ന താരം ഗൗതം ഗംഭീറും യുവതാരങ്ങളായ കേദാര്‍ യാദവ്, അഭിമന്യു മുകുന്ദ്, കുല്‍ദീപ് യാദവ്, കരുണ്‍ നായര്‍ എന്നിവരും ടീം പ്രഖ്യാപനം വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.

ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടെസ്റ്റില്‍ രണ്ട് വര്‍ഷത്തിന് ശേഷം കളിക്കാന്‍ അവസരം ലഭിച്ച ഗംഭീര്‍ ഒരു അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 79 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. കര്‍ണാടക ബാറ്റ്‌സ്മാനും മലയാളിയുമായ കരുണ്‍ നായര്‍ക്ക് നേരത്തെ ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് ടീമില്‍ അവസരം ലഭിച്ചെങ്കിലും പിന്തള്ളപ്പെടുകയായിരുന്നു. കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ഗൗതം ഗംഭീര്‍, മുരളി വിജയ് എന്നീ താരങ്ങളെ പിന്തള്ളി മാത്രമേ കരുണിന് ടീം ഇന്ത്യയില്‍ സ്ഥാനം പിടിക്കാനാകുകയുളളു. തുടര്‍ച്ചയായ ഒന്‍പത് മത്സരങ്ങള്‍ തോല്‍ക്കാതെയാണ് ഇന്ത്യ കൊഹ്്‌ലിയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുന്നത്. ഈ മാസം ഒന്‍പതിന് രാജ്‌കോട്ടിലാണ് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ മത്സരം.