കൊല്‍ക്കത്ത: രാജ്യത്തെ നടുക്കി വീണ്ടും ബാലപീഡനം. ഇത്തവണ കൊല്‍ക്കത്തിയിലെ പ്ലേ സ്‌കൂളില്‍ രണ്ട് വയസുകാരനാണ് ലൈംഗിക പീഡനത്തിനിരയായത്. കഴിഞ്ഞ തിങ്കളാഴ്ച കൊല്‍ക്കത്തയിലെ ഡയമണ്ട് ഹാര്‍ബര്‍ പ്രദേശത്തെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ മാതാവ് സ്‌കൂളിലെത്തിയപ്പോള്‍ മകന്‍ ഉച്ചത്തില്‍ കരയുകയായിരുന്നു. തുടര്‍ന്ന് വിട്ടിലെത്തിയ മാതാവ് മകന്റെ സ്വകാര്യഭാഗങ്ങള്‍ പരിശോധിച്ചപ്പോള്‍ രക്തം പൊടിഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി നടത്തിയ പ്രാഥമിക പരിശോധനയിലാണ് ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്.

തുടര്‍ന്ന് കുട്ടിയുടെ പിതാവ് സംഭവത്തില്‍ തകുര്‍പുകൂര്‍ പൊലീസില്‍ ബുധനാഴ്ച പരാതി നല്‍കി. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോക്‌സോ പ്രകാരം പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ കുറിച്ച് ഇതുവരെയും ഒരു വിവരവും ലഭ്യമായിട്ടില്ല. കേസിന്റെ ഭാഗമായി സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ സ്‌കൂളിലെ അധികാരികളോട് ആവശ്യപ്പെട്ടപ്പോള്‍ കേസില്‍ സഹകരിക്കുന്നതിനു പകരം ജൂണ്‍ 26 മുതല്‍ സ്‌കൂളിലെ സി.സി.ടി.വി പ്രവര്‍ത്തന രഹിതമാണെന്ന് മറുപടിയായിരുന്നു അധികാരികളുടെ ഭാഗത്ത് നിന്നും എന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു.