തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറത്തെ ആരാധനാലയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ മുസ്ലീം ലീഗ് നേതാവ് കെ.പി.എ. മജീദ്. ബിവറേജുകള്‍ക്കും കടകമ്പോളങ്ങള്‍ക്കും ബാധകമല്ലാത്ത നിബന്ധന ആരാധനാലയങ്ങള്‍ക്ക് അടിച്ചേല്‍പിക്കരുത്. ആരാധനാലയങ്ങളില്‍ അഞ്ചു പേര്‍ മാത്രം മതിയെന്ന മലപ്പുറം കളക്ടറുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കെപിഎ മജീദിന്റെ ഫെയ്‌സ്ബുക് കുറിപ്പ്:
കോവിഡ് സാഹചര്യത്തില്‍ ആരാധനാലയങ്ങളില്‍ അഞ്ചു പേര്‍ മാത്രം മതിയെന്ന മലപ്പുറം കലക്ടറുടെ ഉത്തരവ് പുനഃപരിശോധിക്കണം. കോവിഡ് പശ്ചാത്തലത്തില്‍ ലഭിച്ച അമിതാധികാരമാണ് കലക്ടര്‍ വിനിയോഗിക്കുന്നത്. നിയന്ത്രണങ്ങള്‍ ആരാധനാലയങ്ങള്‍ക്ക് മാത്രം ബാധകമാക്കുന്ന രീതി അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ നിബന്ധനകളും അനുസരിച്ചാണ് ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ എത്തുന്നത്. ആരാധനാലയങ്ങളും അതനുസരിച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വിശുദ്ധ റമദാനില്‍ പള്ളികളില്‍ ഭജനമിരിക്കാനും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനും ഇസ്ലാം മതവിശ്വാസികള്‍ക്ക് താല്‍പര്യമുണ്ടാകും. പള്ളികള്‍ പൂര്‍ണമായും അടച്ചിട്ട റമദാന്‍ മാസമായിരുന്നു കഴിഞ്ഞ വര്‍ഷം കടന്നു പോയത്. പുതിയ സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു തന്നെ വിശ്വാസികളെ പള്ളികളില്‍ എത്താന്‍ അനുവദിക്കണം. അഞ്ചു പേര്‍ മാത്രമെന്ന നിബന്ധന അംഗീകരിക്കാനാവില്ല. ബീവറേജുകള്‍ക്കും കടകമ്പോളങ്ങള്‍ക്കും ബാധകമല്ലാത്ത നിബന്ധന ആരാധനാലയങ്ങള്‍ക്ക് അടിച്ചേല്‍പിക്കരുത്.
കെ.പി.എ മജീദ്‌