പാലക്കാട്: ഇടത് സര്‍ക്കാര്‍ നാലര വര്‍ഷംകൊണ്ട് കെഎസ്എഫ്ഇയെ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചിട്ടിയില്‍ ഗുരതരമായ ക്രമക്കേട് നടക്കുന്നു. കേരളത്തില്‍ ഒരു അഴിമതിയും കൊള്ളയും കണ്ടെത്താന്‍ പാടില്ല. തങ്ങള്‍ക്കിഷ്ടമുള്ള പോലെ ചെയ്യുമെന്നാണ് സിപിഎം നിലപാട്. സംസ്ഥാന സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ധനമന്ത്രി മുഖ്യമന്ത്രിയുടെ വകുപ്പിനെതിരെ നിശിതമായ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. എന്നിട്ടും മുഖ്യമന്ത്രി ഒന്നും മിണ്ടാത്തതെന്തെന്ന് വ്യക്തമാക്കണം.

കേരളത്തിലെ വിജിലന്‍സ് സിപിഎം പറയുന്നത് പോലെ പ്രവര്‍ത്തിക്കണമെന്ന നിര്‍ബന്ധബുദ്ധിയുണ്ടെന്നത് വ്യക്തമാകുകയാണ്. കെഎസ്എഫ്ഇയുടെ വിശ്വാസ്യത നിലനില്‍ക്കണമെങ്കില്‍ അന്വേഷണം വേണം. കുറ്റക്കാരെ കണ്ടെത്തണം. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കാം. കെസ്എഫ്ഇയിലെ അഴിമതി അന്വേഷിക്കാന്‍ പാടില്ല. ഇത് എന്ത് ന്യായമാണ്. ഇപ്പോഴാണ് വിജിലന്‍സ് യഥാര്‍ത്ഥത്തിലുള്ള കൂട്ടിലടച്ച തത്തയായി മാറിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡിസംബര്‍ രണ്ടിന് പഞ്ചായത്ത് തലത്തില്‍ ഇടതുസര്‍ക്കാരിന് യുഡിഎഫ് കുറ്റവിചാരണ ചെയ്യുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.