തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ചോദ്യം ചെയ്ത മന്ത്രി കെടി ജലീല്‍ മലപ്പുറം വളാഞ്ചേരിയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. റോഡ് മാര്‍ഗമാണ് യാത്ര. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് യാത്ര. വീട്ടില്‍ നിന്ന് ഇറങ്ങിയത് മുതല്‍ ഇതുവരെ പല സ്ഥലത്തും പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി.

മലപ്പുറം വളാഞ്ചേരിയിലെ വീട്ടില്‍ നിന്നും യാത്ര പുറപ്പെട്ട ഉടന്‍ മന്ത്രിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കരിങ്കൊടി വീശി. മന്ത്രി വഴിയില്‍ കുറിപ്പുറം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സൈറ്റ് സന്ദര്‍ശിച്ചു. യാത്ര തുടര്‍ന്ന മന്ത്രിക്ക് നേരെ ചങ്ങരംകുളത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. പിന്നീട് പെരുമ്പിലാവില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഇവിടെ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.