ന്യൂഡല്‍ഹി: പുറത്താക്കപ്പെട്ട മുന്‍ ടൂറിസം മന്ത്രി മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തിയ അഴിമതി ആരോപണത്തെ നിഷേധിച്ച് മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ്. കെജ്‌രിവാള്‍ എന്തെങ്കിലും അഴിമതി നടത്തിയെന്ന പറഞ്ഞാല്‍ വിശ്വസിക്കാന്‍ തനിക്കാവില്ലെന്നായിരുന്നു കുമാര്‍ വിശ്വാസിന്റെ പ്രതികരണം.

കാബിനറ്റ് മന്ത്രി സത്യേന്ദ്ര ജെയ്ന്‍ കെജ്‌രിവാളിന് രണ്ട് കോടി രൂപ കൈമാറുന്നത് താന്‍ കണ്ടു എന്നായിരുന്നു മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട കപില്‍ മിശ്ര മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
വാട്ടര്‍ ടാങ്ക് അഴിമതിയെക്കുറിച്ച് താന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നും പരസ്യമായ വെളിപ്പെടുത്തല്‍ ഉടനുണ്ടാവുമെന്നും മിശ്ര ട്വിറ്ററില്‍ കുറിച്ചിരുന്നു. താന്‍ വെളിപ്പെടുത്താന്‍ പോകുന്ന പേരുകള്‍ പുറത്തുവരാതിരിക്കാനായിരിക്കണം തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയതെന്ന് മിശ്ര എഎന്‍ഐയോട് പറഞ്ഞു.

ഇതിനിടെ ബിജെപിയും കോണ്‍ഗ്രസും കെജ്‌രിവാളിനെതിരായ അഴിമതി വാര്‍ത്ത രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ്. കെജ്‌രിവാള്‍ രാജി വെക്കണമെന്ന് ബിജെപി നേതാവ് മനോജ് തിവാരി ആവശ്യപ്പെട്ടു.

കെജ്‌രിവാളിന് സത്യേന്ദ്ര ജെയ്‌ന്ഡ രണ്ടു കോടി രൂപ കൈമാറുന്നതിന് സാക്ഷിയാണെന്ന് അറിയിച്ച് കപില്‍ മിശ്ര രംഗത്തെത്തിയിരിക്കുന്നു. എത്ര ഗുരുതരമായ ആരോപണമാണിത്. എന്ത് മറുപടിയാണ് പറയാനുള്ളത് എന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, ആരോപണം വസ്തുതാരഹിതമെന്നും മറുപടി തന്നെ അര്‍ഹിക്കുന്നില്ലെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദ്യ പറഞ്ഞു.