കോഴിക്കോട്: ലോ കോളജ് വിദ്യാര്‍ത്ഥിയെ സംഘടിതമായി എത്തിയ എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകനെ അര്‍ധബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടി സ്വദേശിയായ കോഴിക്കോട് ലോ കോളജ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി ഋത്വിക് അശോകി(23)നാണ് സഹപാഠികളായ എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദ്ദനമേറ്റത്.

ക്ലാസ്സ് മുറിയില്‍ ഒറ്റക്കിരിക്കുകയായിരുന്ന ഋത്വിക് അശോകിനെ സംഘടിച്ചെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വാതില്‍ അടച്ച് കുറ്റിയിട്ടതിന് ശേഷം പട്ടിക കൊണ്ട് പൊതിരെ അടിക്കുകയായിരുന്നെന്ന് സഹപാഠികള്‍ പറഞ്ഞു. തലക്കും ശരീരത്തിലാകെയും ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥി അര്‍ദ്ധബോധാവസ്ഥയിലാണുള്ളത്. എസ്.എഫ്.ഐ ടൗണ്‍ ഏരിയാ സെക്രട്ടറി അബ്ദുല്‍ റാഷിദ്, എസ്.എഫ്.ഐ ലോ കോളേജ് യൂണിറ്റ് സെക്ടറി ആസാദ് ഷാ എന്നിവര്‍ക്കെതിരെ ചേവായൂര്‍ പൊലീസ് വധശ്രമത്തിന് കേസ്സെടുത്തു. അന്വേഷണ വിധേയമായി അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരെ ലോകോളേജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.