തിരുവനന്തപുരം: കെ.ടി ജലീല്‍ മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ്. മന്ത്രിക്കെതിരെ കേസെടുത്താലും കെ.ടി.ജലീല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. കഴിഞ്ഞ ദിവസവും ജലീല്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു വിജയരാഘവന്‍. മുഖ്യമന്ത്രിയും ജലീല്‍ രാജി വെക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞിരുന്നു.

അതേസമയം, മന്ത്രി കെ.ടി.ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചട്ടം ലംഘിച്ച് മതഗ്രന്ഥം വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. അതിനിടെ, ജലീല്‍ വിഷയത്തില്‍ പ്രതിരോധത്തിലാക്കിയിരിക്കെ ഇന്ന് ഇടതുമുന്നണി യോഗം നടക്കുകയാണ്. മുന്നണി യോഗം ചേരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഘടകക്ഷിനേതാക്കളുമായി ടെലിഫോണില്‍ ആശയവിനിമയം നടത്തി. സര്‍ക്കാരിനെ ഇകഴ്ത്താന്‍ പ്രതിപക്ഷം ഖുര്‍ആനെ രാഷ്ട്രീയ ആയുധമാക്കുന്നെന്ന ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിട്ടുണ്ട്.