കോഴിക്കോട്: വനിതാ സംവരണ വാര്‍ഡില്‍ ഡമ്മിയായി പത്രിക സമര്‍പ്പിച്ച പുരുഷ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി. മലപ്പുറം വട്ടംകുളം പഞ്ചായത്തിലെ വനിതാ സംവരണവാര്‍ഡിലാണ് പുരുഷന്‍ ഡമ്മിയായി പത്രിക സമര്‍പ്പിച്ചത്. സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി പത്രിക തള്ളുകയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷപരിശോധന പൂര്‍ത്തിയായപ്പോള്‍ 3130 പത്രികകളാണ് തള്ളിയത്. ഇന്നലെ രാത്രി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബൈസൈറ്റില്‍ ലഭ്യമായ വിവരമാണിത്. ഇത് അന്തിമമല്ലെന്നും ജില്ലകളില്‍ നിന്നുള്ള പൂര്‍ണവിവരങ്ങള്‍ ലഭ്യമായതിന് ശേഷം മാത്രമേ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാവൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ പറഞ്ഞു.

എല്ലാ തദ്ദേശസ്ഥാപനങ്ങളിലേയും സൂഷ്മപരിശോധനാ ഫലം വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടില്ല. സൂഷ്മപരിശോധന നടത്തിയശേഷം ഫോറം ആറ് പൂരിപ്പിച്ച് വരണാധികാരികള്‍ അതത് ജില്ലാ കളക്ടര്‍ക്കും അവിടെ നിന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫീസിലുമാണ് എത്തേണ്ടത്.