ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ ലംബോകില്‍ വീണ്ടും വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വ്യാപക മണ്ണിടിച്ചിലും കെട്ടിടങ്ങള്‍ നിലംപതിക്കുകയുമുണ്ടായി. ഭൂകമ്പത്തില്‍ രണ്ടു പേര്‍ മരണപ്പെട്ടതായാണ് വിവരം.

476 പേര്‍ മരണപ്പെട്ട ഭൂകമ്പങ്ങളുടെ ഞെട്ടലില്‍നിന്ന് ദ്വീപ് വാസികള്‍ മുക്തമാകുന്നതിന് മുമ്പാണ് വീണ്ടും വന്‍ ഭൂചലനമുണ്ടായത്. ജൂലൈ 29നുണ്ടായ ആദ്യ ഭൂകമ്പത്തില്‍ 16 പേര്‍ മരിച്ചിരുന്നു. ശേഷം ഈ മാസം അഞ്ചിന് 6.9 രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂകമ്പത്തില്‍ 460 പേര്‍ മരിക്കുകയും പള്ളികളും വീടുകളും ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരായിട്ടുണ്ട്. ഇന്നലെ ഭൂകമ്പം ആവര്‍ത്തിച്ചതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. വീടുകളില്‍നിന്ന് പുറത്തിറങ്ങി ഓടിയ ആളുകള്‍ ഇന്നലെ രാത്രിയും തുറസ്സായ സ്ഥലങ്ങളില്‍ കഴിച്ചുകൂട്ടി. ഭൂകമ്പങ്ങളെത്തുടര്‍ന്ന് ലംബോകില്‍ 342 ദശലക്ഷം ഡോളറിന്റെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അഗ്നിവളയ മേഖലയിലുള്ള ഇന്തോനേഷ്യ ലോകത്ത് ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യമാണ്.