ലക്‌നോ: ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ ഗൊരക്പുര്‍, ഫുല്‍പുര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ കുറഞ്ഞ പോളിങ്. ഗൊരക്പുരില്‍ 43 ശതമാനവും ഫുല്‍പുരില്‍ 37.39 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും എം.പി.സ്ഥാനം രാജിവെച്ച ഒഴിവിലായിരുന്നു വോട്ടെടുപ്പ്. ഗൊരക്പുരില്‍ 10 ഉം ഫുല്‍പുരില്‍ 22 സ്ഥാനാര്‍ത്ഥികളും ജനവിധി തേടി. ഇത്തവണ സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കാത്ത ബി.എസ്.പി, എസ്.പിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ നിയമസഭയിലേക്ക് എസ്.പി.യുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് രണ്ടിടങ്ങളിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. ഗൊരക്പുരിനെ അഞ്ചു തവണ പ്രതിനിധീകരിച്ച ആദിത്യനാഥ് മുഖ്യമന്ത്രിയായി ഒരു വര്‍ഷം തികയുന്ന സമയത്താണ് വോട്ടെടുപ്പ്. പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു മത്സരിച്ച മണ്ഡലം കൂടിയാണ് ഫുല്‍പുര്‍. ഉത്തര്‍പ്രദേശിലേത് കൂടാതെ ബിഹാറില്‍ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പുകള്‍ നടന്നു. ആര്‍.ജെ.ഡി എം.പി മുഹമ്മദ് തസ്‌ലിമുദ്ദീന്റെ മരണത്തെ തുടര്‍ന്നായിരുന്നു അറാറിയ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ്. ഇവിടെ 57 ശതമാനമാണ് പോളിങ്. നിയമസഭാ മണ്ഡലങ്ങളായ ജെഹാനാബാദില്‍ 51 ഉം ഭാബുവയില്‍ 55 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഫലപ്രഖ്യാപനം 14ന് നടക്കും.