main stories

തദ്ദേശതെരഞ്ഞെടുപ്പ് മൂന്നുഘട്ടം; ആദ്യഘട്ടം ഡിസംബര്‍ എട്ടിന്

By Test User

November 06, 2020

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. 1199 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 8,10,14 തിയ്യതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 16 ന് ഫലപ്രഖ്യാപനം ഉണ്ടാകും.

ഒന്നാം ഘട്ടത്തില്‍ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, ഇടുക്കി ജില്ലകളിലും രണ്ടാംഘട്ടത്തില്‍ കോട്ടയം,എറണാകുളം,തൃശൂര്‍,പാലക്കാട്, വയനാട് എന്നീ ജില്ലകളിലും തെരഞ്ഞെടുപ്പ് നടക്കും. മൂന്നാം ഘട്ടത്തില്‍ മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12ന് പ്രസിദ്ധീകരിക്കും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 31നകം പുതിയ ഭരണസമിതി നിലവില്‍ വരുന്ന വിധത്തിലാകും തിരഞ്ഞെടുപ്പെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വി.ഭാസ്‌കരന്‍ വ്യക്തമാക്കി.

941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാര്‍ഡുകള്‍, 87 മുനിസിപ്പാലിറ്റികളിലെ 3078 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകള്‍, ആറ് കോര്‍പ്പറേഷനുകളിലെ 416 വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്. അന്തിമ വോട്ടര്‍പട്ടിക നവംബര്‍ പത്തിന് പ്രസിദ്ധീകരിക്കും.