അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : മദീനക്കടുത്ത് വെള്ളിയാഴ്ച്ച അര്‍ധരാത്രിയോടെ വാഹനാപകടത്തില്‍ മരിച്ച മലയാളി ദമ്പതികളുടെയും മകളുടെയും ഖബറടക്കം നാളെ നടന്നേക്കും. അപകടത്തില്‍ പെട്ട് മരണമടഞ്ഞ പറമ്പില്‍ പീടികക്കടുത്ത പെരുവള്ളൂര്‍ സ്വദേശി ചാത്രത്തൊടി തൊണ്ടിക്കോടന്‍ നാറമ്പള്ളി അബ്ദുല്‍ റസാഖ് (49) , ഭാര്യ ഫാസില (38) എന്നിവരുടെ മയ്യത്ത് നാളെ സുബ്ഹി നിസ്‌കാരത്തിന് ശേഷം മക്കയില്‍ ഖബറടക്കും. ഖുലൈസ് ജനറല്‍ ആസ്പത്രിയില്‍ ഉണ്ടായിരുന്ന ഇവരുടെ മയ്യത്ത് മക്ക കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി മക്കയിലേക്കുള്ള വഴിയിലാണ്. മകള്‍ ഫാത്തിമ റസാ (7)നിന്റെ മയ്യത്ത് മദീനയില്‍ തന്നെ ഖബറടക്കാനുള്ള രേഖകള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്നു. കിട്ടുന്ന മുറക്ക് ഖബറടക്കം നടത്തും.

വെള്ളിയാഴ്ച്ച അംനയില്‍ വെച്ച് അപകടം നടന്ന ശേഷം റസാഖിന്റെയും ഭാര്യ ഫാസിലയുടെയും മയ്യത്ത് മക്കയില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെയുള്ള ഖുലൈസ് ജനറല്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയിരുന്നു . മകള്‍ ഫാത്തിമ റസാനയുടേത് മദീനയിലേക്കാണ് കൊണ്ടുപോയത്. അതുകൊണ്ടാണ് മാതാപിതാക്കള്‍ക്കൊപ്പം പിഞ്ചോമനയുടെ മയ്യത്ത് ഒരുമിച്ച് ഖബറടക്കാന്‍ സാധിക്കാതെ പോയത്. വെള്ളിയാഴ്ച്ച മദീന സിയാറത്ത് പൂര്‍ത്തിയാക്കി ഇശാ നിസ്‌കാരം മദീന ഹറമില്‍ നിന്ന് നിസ്‌കരിച്ച് ഭക്ഷണവും കഴിച്ച് രാത്രി ഒമ്പതരയോടെ 475 കിലോമീറ്റര്‍ ദൂരമുള്ള തായിഫിലേക്ക് തിരിച്ച് പോവുകയായിരുന്നു റസാഖും കുടുംബവും. യാത്ര പകുതിയോളം പിന്നിട്ടപ്പോഴാണ് നിനച്ചിരിക്കാതെ ദുരന്തമെത്തിയത്. മറ്റൊരു വാഹനവുമായുള്ള കൂട്ടിയിടി ഒഴിവാക്കാനായി റസാഖ് തന്റെ പുതിയ ഫോര്‍ച്ചുണര്‍ കാര്‍ വെട്ടിക്കുകയായിരുന്നു. അതിനിടെ നിയന്ത്രണം വിട്ടു തല കീഴായി മറിഞ്ഞ വാഹനത്തിനുള്ളില്‍ അകപെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മൂത്ത മകള്‍ ഫാത്തിമ റുനാഹ നിസാര പരിക്കുകളോടെ രക്ഷപെട്ടു. അംനയിലെ ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ദമ്പതികളും മകളും വിടവാങ്ങിയിരുന്നു. ആരും ഉറങ്ങിയിരുന്നില്ലെന്നും എല്ലാവരും സംസാരിച്ച് സന്തോഷത്തോടെ പോരുന്നതിനിടെയാണ് ദാരുണമായ അപകടം നടന്നതെന്ന് മകള്‍ ഫാത്തിമ ബന്ധുക്കളോട് പറഞ്ഞു. കാലിന് ചെറിയ പരിക്കേറ്റ ഫാത്തിമ ജിദ്ദയില്‍ ബന്ധുക്കളുടെ സംരക്ഷണത്തിലാണ് . റസാഖിന്റെ മൂത്ത മകന്‍ റയാന്‍ റാസിക്ക് നാട്ടില്‍ പഠിക്കുകയാണ്.

താഇഫിലെ അല്‍ ഗാംദി ഹോള്‍ സെയില്‍ സെന്ററില്‍ അക്കൗണ്ടന്റ് ആയിരുന്നു റസാഖ്. കുടുംബവുമായി ദീര്‍ഘ കാലമായി തായിഫിലാണ് താമസം. മകന്‍ നാട്ടില്‍ പടിക്കുന്നതിനാല്‍ കുടുംബത്തെ നാട്ടിലയക്കാനുള്ള ശ്രമത്തിലായിരുന്നു റസാഖ്. ഇഖാമ ഒരു വര്‍ഷത്തേക്ക് കൂടി പുതുക്കാനായി കാത്തിരിക്കുകയായിരുന്നു . നീണ്ട റീ എന്‍ട്രിക്ക് നാട്ടിലേക്കുള്ള യാത്രയുടെ മുന്നോടിയായാണ് മദീന സന്ദര്‍ശനം നടത്തിയത്. നാട്ടില്‍ അവധിക്ക് പോയിട്ട് രണ്ട് വര്‍ഷമായി. പരേതരായ ചാത്രത്തൊടി തൊണ്ടിക്കോടന്‍ നാറമ്പള്ളി കുട്ട്യാലിഹാജി , കുഞ്ഞാമിന ദമ്പതികളുടെ മകനാണ് അബ്ദുല്‍ റസാഖ് .അഹമ്മദ് , സുഹറ, സുലൈഖ , ഇതിക്കുട്ടി, മുഹമ്മദലി , അബ്ദുള്ളകുട്ടി , ബുഷ്‌റ , ആത്തിക്ക , സലിം സൗഫിന എന്നിവര്‍ സഹോദരങ്ങളാണ് .

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും കെഎംസിസി അടക്കമുള്ള സന്നദ്ധ സംഘടനകളും രംഗത്തുണ്ട്. കെഎംസിസി നേതാക്കളായ മുജീബ് പൂക്കോട്ടൂര്‍ , ഹാരിസ് പെരുവള്ളൂര്‍ എന്നിവരും മദീനയില്‍ മറ്റു സാമൂഹ്യ പ്രവര്‍ത്തകരോടൊപ്പം ശരീഫ് കാസര്‍ഗോഡ് , ഗഫൂര്‍ പട്ടാമ്പി എന്നിവരും സഹായത്തിനുണ്ട്.