മുംബൈ: നാടന്‍ ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട് തീവ്ര ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ പിടിയിലായി. നാടന്‍ ബോംബ് നിര്‍മിച്ച തിവ്ര ഹിന്ദുത്വ ഗ്രൂപ്പായ സനാതന്‍ സാന്തയുടെ രണ്ട് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ നാടന്‍ ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട് എട്ട് പേര്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നടത്തിയ തെരച്ചിലിലാണ് ഇവര്‍ പിടിയിലായത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താന്‍ തിവ്ര ഹിന്ദു സംഘടന ശ്രമം നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് അറസ്റ്റ്. ജല്‍ഗോണിലെ ശാക്ലി ഗ്രാമത്തില്‍ നിന്നാണ് രണ്ട് യുവാക്കള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഇതോടെ എട്ട് പേര്‍ അറസ്റ്റിലായതായി അന്വേഷണ സംഘം അറിയിച്ചു.

കഴിഞ്ഞ മാസം പൊലീസ് നടത്തിയ തെരച്ചിലില്‍ സനാതന്‍ ശാന്ത സംഘടന അംഗം ഉള്‍പ്പെടെ ആറ് പേര്‍ പിടിയിലായിരുന്നു. പിടിയിലായവരില്‍ നിന്നും വന്‍ തോതില്‍ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ബംഗളൂരുവില്‍ പത്രപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.