Football
മലപ്പുറം റെഡി- ഷഹബാസ് വെള്ളില
താരങ്ങള്‍ക്കും ഒഫീഷ്യല്‍സുകള്‍ക്കുമുള്ള നഗരത്തിലെ താമസ സൗകര്യങ്ങളും പരിശോധിച്ച സംഘം സംതൃപ്തി രേഖപ്പെടുത്തി.
ഷഹബാസ് വെള്ളില മലപ്പുറം
ഐ.എസ്.എല്ലില്‍ കരഞ്ഞത് സന്തോഷ് ട്രോഫിയില്‍ പലിശ സഹിതം തീര്‍ക്കും. അല്ലെങ്കിലും ഒരുപാട് കരഞ്ഞാല്‍ പിന്നീട് ഒരുപാട് ചിരിക്കാം എന്നാണല്ലോ-സന്തോഷ് ട്രോഫി മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ മലപ്പുറത്തെ ഒരു ഫുട്ബോള്‍ പ്രേമിയുടെ കമന്റാണിത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കിരീടം കൈവിട്ടെങ്കില്‍ ഇന്ത്യന്‍ ഫുട്ബോളിലെ ക്ലാസിക്ക് കിരീടമായ സന്തോഷ് ട്രോഫി ഇത്തവണ കേരളത്തില്‍ നിന്നും പുറത്തുപോവില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുന്ന മഞ്ചേരി പയ്യനാട് സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയം, കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയം എന്നിവ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പ്രതിനിധികള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി. എ.ഐ.എഫ്.എഫ് കോമ്പറ്റീഷന് മാനേജര്‍ രാഹുല്‍ പരേശ്വര്‍, പ്രതിനിധി ആന്‍ഡ്രൂര്‍ എന്നിവരാണ് സ്റ്റേഡിയങ്ങള്‍ പരിശോധിച്ചത്. സൗകര്യങ്ങള്‍ക്കെല്ലാം നൂറുമാര്‍ക്ക് നല്കിയ സംഘം കുറച്ചു നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയമായിരുന്നു ആദ്യ സന്ദര്‍ശിച്ചത്. കോര്‍ണര്‍ ഫ്ളാഗിലെ പുല്ലിന്റെ പരിപാലനം, ലൈവ് ടെലിക്കാസ്റ്റ് ചെയ്യാന്‍ അവശ്യമായ സ്റ്റാന്റ് നിര്‍മാണം, മീഡിയ റൂമിന്റെ സൗകര്യം വര്‍ധിപ്പിക്കല്‍, നിലവിലെ ഫ്ളഡ് ലൈറ്റുകളുടെ നവീകരണം, സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ എന്നിവയാണ് എ.ഐ.എഫ്.എഫ് പ്രതിനിധികള്‍ നിര്‍ദേശിച്ചത്. ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 10 നകം സ്റ്റേഡിയം എ.ഐ.എഫ്.എഫിന് കൈമാറണമെന്നും അറിയിച്ചു. പയ്യനാട് സ്റ്റേഡിയത്തിന്റെ പരിശോധനക്ക് ശേഷം കോട്ടപ്പടി സ്റ്റേഡിയവും സംഘം പരിശോധിച്ച് നിലവാരം ഉറപ്പുവരുത്തി. പുല്ലുകളുടെ പരിപാലനങ്ങളില്‍ തൃപ്തി അറിയിച്ച സംഘം പെയ്ന്റിങ് പ്രവര്‍ത്തനങ്ങളും ഫെന്‍സിങ് മാറ്റിസ്ഥാപിക്കലും വേഗത്തിലാക്കണമെന്ന് അറിയിച്ചു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ക്ലീനിങ് പ്രവൃത്തിയും വേഗത്തിലാക്കാനും നിര്‍ദേശിച്ചു. താരങ്ങള്‍ക്കും ഒഫീഷ്യല്‍സുകള്‍ക്കുമുള്ള നഗരത്തിലെ താമസ സൗകര്യങ്ങളും പരിശോധിച്ച സംഘം സംതൃപ്തി രേഖപ്പെടുത്തി. എ.ഐ.എഫ്.എഫ് സംഘത്തെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ യു. ഷറഫലി, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, എക്സിക്യൂറ്റീവ് അംഗങ്ങളായ ഋഷികേശ് കുമാര്‍ പി, കെ. അബ്ദുല്‍ നാസര്‍, സി. സുരേഷ്, കേരള ഫുട്—ബോള്‍ അസോസിയേഷന് പ്രതിനിധി മുഹമ്മദ് സലീം എം, മലപ്പുറം ജില്ലാ ഫുട്—ബോള്‍ അസോസിയേഷന് പ്രസിഡന്റ് പി. അഷ്റഫ്, സെക്രട്ടറി പി.എം സുധീര്‍ അനുഗമിച്ചു.
മുപ്പതംഗ കേരള ടീം ഇന്നലെ മുതല്‍ പരിശീലനം ആരംഭിച്ചു. കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തിലാണ് ഹെഡ് കോച്ച് ബിനോ ജോര്‍ജ്, അസിസ്റ്റന്റ് കോച്ച് ടി.ജി പുരുഷോത്തമന് കീപ്പിങ് കോച്ച് സജി ജോയ് എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനം. ഏപ്രില്‍ ആദ്യവാരം വരെ കോഴിക്കോട് തന്നെയാകും പരിശീലനം. ആതിഥേയ ജില്ലയായ മലപ്പുറത്തുനിന്നും എട്ട് പേരാണ് കേരള ടീമിലുള്ളത്. കോഴിക്കോട് 4, തിരുവനന്തപുരം 4, എറണാകുളം 2, പാലക്കാട് 3, കണ്ണൂര്‍ 1, ഇടുക്കി 1, തൃശൂര്‍ 3, കാസര്‍കോട് 2, വയനാട് 2 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ നിന്നുള്ളവരുടെ എണ്ണം. പരിശീലനത്തില്‍ മികവ് പുലര്‍ത്തുന്ന 22 അംഗ കളിക്കാരായിരിക്കും ഇത്തവണ കേരളത്തെ പ്രതിനിധീകരിക്കുക.
Football
യുവേഫയില്‍ നിന്ന് ഇസ്രാഈലിനെ വിലക്കണമെന്ന ആവശ്യവുമായി ഐറിഷ് ഫുട്ബോള്‍ അസോസിയേഷന്
എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്ബോള്‍ അസോസിയേഷന് ലംഘിച്ചതായി ഉദ്ധരിക്കുന്നു
യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് യുവേഫയ്ക്ക് ഔപചാരിക പ്രമേയം സമര്‍പ്പിക്കാന്‍ ഐറിഷ് ഫുട്ബോള്‍ ഗവേണിംഗ് ബോഡി അംഗങ്ങള്‍ അതിന്റെ ബോര്‍ഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം അംഗീകരിച്ചതായി ഫുട്ബോള്‍ അസോസിയേഷന് ഓഫ് അയര്‍ലന്‍ഡ് (എഫ്എഐ) അറിയിച്ചു.
എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്ബോള്‍ അസോസിയേഷന് ലംഘിച്ചതായി ഉദ്ധരിക്കുന്നു: ഫലപ്രദമായ വംശീയ വിരുദ്ധ നയം നടപ്പിലാക്കുന്നതിലും അതിന്റെ പരാജയവും ഫലസ്തീന് ഫുട്ബോള്‍ അസോസിയേഷന്റെ സമ്മതമില്ലാതെ അധിനിവേശ ഫലസ്തീന് പ്രദേശത്ത് ഇസ്രാഈലി ക്ലബ്ബുകള്‍ കളിക്കുന്നതും.
പ്രമേയത്തെ 74 വോട്ടുകള്‍ പിന്തുണച്ചു. ഏഴ് പേര് എതിര്‍ക്കുകയും രണ്ട് പേര് വിട്ടുനില്‍ക്കുകയും ചെയ്തു, എഫ്എഐ പ്രസ്താവനയില്‍ പറഞ്ഞു.
ഗസ്സയിലെ വംശഹത്യയുടെ പേരില്‍ ഇസ്രാഈലിനെ യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമോ എന്ന കാര്യത്തില്‍ കഴിഞ്ഞ മാസം ആദ്യം വോട്ടെടുപ്പ് നടത്താന്‍ യുവേഫ പരിഗണിച്ചിരുന്നു. എന്നാല്‍ യുഎസ് ഇടനിലക്കാരായ വെടിനിര്‍ത്തല്‍ ഒക്ടോബര്‍ 10 ന് പ്രാബല്യത്തില്‍ വന്നതിന് ശേഷം വോട്ടിംഗ് നടന്നില്ല.
അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ സസ്പെന്‍ഡ് ചെയ്യാനുള്ള തുര്‍ക്കി, നോര്‍വീജിയന്‍ ഫുട്ബോള്‍ ഭരണ സമിതികളുടെ തലവന്മാര് സെപ്തംബറില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഐറിഷ് പ്രമേയം.
ഗസ്സയിലെ യുദ്ധത്തില്‍ ഇസ്രാഈല്‍ വംശഹത്യ നടത്തിയെന്ന് യുഎന്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് ഉദ്ധരിച്ച് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് ഇസ്രാഈലിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് യുഎന്‍ വിദഗ്ധര്‍ ഫിഫയോടും യുവേഫയോടും അഭ്യര്‍ത്ഥിച്ചതിന് ശേഷമാണ് ഈ അഭ്യര്‍ത്ഥനകള്‍ വന്നത്.
Football
സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്സിന് സെല്‍ഫ് ഗോള്‍ തോല്‍വി; മുംബൈ സെമിയില്‍
സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തേക്ക്.
2025 നവംബര്‍ 6, വ്യാഴാഴ്ച ഗോവയിലെ ഫട്ടോര്‍ഡയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള AIFF സൂപ്പര്‍ കപ്പ് 2025 ഗ്രൂപ്പ് ഡി മത്സരത്തിന്റെ 3-ാം ദിവസത്തില്‍ കേരള ബ്ലാസ്റ്ററിനെ 1-0 ന് തകര്‍ത്ത് മുംബൈ സിറ്റി എഫ്സി. 88-ാം മിനിറ്റില്‍ ഫ്രെഡി ലല്ലവാവ്മയുടെ സെല്‍ഫ് ഗോള്‍ മുംബൈ സിറ്റി എഫ്സിയെ വിജയത്തിലേക്ക് തുണയ്ക്കുകയായിരുന്നു. ഇതോടെ ദ്വീപുകാര്‍ ടസ്കേഴ്സിനെ മറികടന്ന് സെമി ഫൈനലിലേക്ക് മുന്നേറി. എന്നാല്‍ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തേക്ക്.
അടുത്ത റൗണ്ടില്‍ എഫ്സി ഗോവയെ നേരിടും.
ഫ്രെഡ്ഡിയുടെ ശരീരത്തില്‍ തട്ടിയ പന്ത് ഗോളിയെയും മറികടന്ന് നേരെ വലയിലേക്ക് തെറിക്കുകയായിരുന്നു. നേരത്തെ 48ാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡും വാങ്ങി സന്ദീപ് സിങ് പുറത്തുപോയതോടെ മത്സരത്തിന്റെ പകുതിയും പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഗ്രൂപ്പില്‍ ബ്ലാസ്റ്റേഴ്സിനും മുംബൈക്കും ആറു പോയന്റാണെങ്കിലും നേര്‍ക്കുനേര്‍ ഫലം നോക്കിയാണ് മുംബൈ സെമി ബെര്‍ത്ത് ഉറപ്പിച്ചത്.
ടൂര്‍ണമെന്റില്‍ ആദ്യമായി ആറ് വിദേശ താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് മുഖ്യ പരിശീലകന് ഡേവിഡ് കാറ്റല ടീമിനെ ഇറക്കിയത്. നമത്സരം സമനിലയില്‍ പിരിയുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം തകര്‍ത്ത് സ്വന്തം വലയില്‍ സെല്‍ഫ് ഗോള്‍ വീഴുന്നത്.
സൂപ്പര്‍ കപ്പ് ഫുട്ബാളിന്റെ ചരിത്രത്തിലാദ്യമായി സെമി ഫൈനലില്‍ കടക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം രാജസ്ഥാന് യുനൈറ്റഡിനെയും സ്പോര്‍ട്ടിങ് ഡല്‍ഹിയെയും ബ്ലാസ്റ്റേഴ്സ് തോല്പിച്ചിരുന്നു.
Football
സൂപ്പര്‍ ലീഗ് കേരള; തൃശൂര്‍ മാജിക് എഫ്സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം
ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.
സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക് എഫ്സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. മഹാരാജാസ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഫോഴ്സ കൊച്ചി എഫ്സിക്കെതിരെ ഒരു ഗോള്‍ നേടി തൃശൂര്‍ മാജിക് എഫ്സി അങ്കം വിജയിക്കുകയായിരുന്നു. പകരക്കാരനായി എത്തിയ അഫ്സലാണ് ഗോള്‍ നേടിയത്. ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. അതേസമയം നാല് റൗണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ തൃശൂര്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തും കൊച്ചി അവസാനസ്ഥാനത്തുമാണ്.
തൃശൂരിന്റെ ലെനി റോഡ്രിഗസിന്റെ പത്താം മിനിറ്റിലെ ഷോട്ട് കൊച്ചിയുടെ അണ്ടര്‍ 23 ഗോള്‍ കീപ്പര്‍ മുഹമ്മദ് മുര്‍ഷിദ് കോര്‍ണര്‍ വഴങ്ങി രക്ഷിച്ചു. പതിനഞ്ചാം മിനിറ്റ് തികയും മുന്‍പ് കൊച്ചിയുടെ സ്പാനിഷ് താരം റാമോണ്‍ ഗാര്‍ഷ്യ പരിക്കേറ്റ് പുറത്തിറങ്ങി. പകരക്കാരനായി മലയാളി താരം ഗിഫ്റ്റി ഗ്രേഷ്യസ് എത്തിയതോടെ താരത്തിന്റെ 25ാം മിനിറ്റില്‍ താഴ്ന്നുവന്ന ഷോട്ട് തൃശൂര്‍ ഗോളി കമാലുദ്ധീന് തടുത്തു. 32ാം മിനിറ്റില്‍ ഫ്രീകിക്കിന് പിന്നാലെ ലഭിച്ച പന്ത് ലെനി റോഡ്രിഗസ് പോസ്റ്റിലേക്ക് തൊടുത്തു വിട്ടെങ്കിലും കൊച്ചി കീപ്പര്‍ മുര്‍ഷിദ് ക്രോസ് ബാറിന് മുകളിലൂടെ തട്ടി. മാര്‍ക്കസ് ജോസഫിന്റെ ക്ലോസ് റെയിഞ്ച് ഹെഡ്ഡറും മുര്‍ഷിദ് തടുത്തു.
എന്നാല്‍ ഇവാന് മാര്‍ക്കോവിച്ചിനെ പിന്‍വലിച്ച തൃശൂര്‍ ഉമാശങ്കറിനെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊണ്ടുവന്നു. 51ാം മിനിറ്റില്‍ എസ് കെ ഫയാസ് വലതുവിങില്‍ നിന്ന് നല്കിയ ക്രോസിന് മാര്‍ക്കസ് ജോസഫ് തലവെച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. സജീഷിനെ പിന്‍വലിച്ച കൊച്ചി നിജോ ഗില്‍ബര്‍ട്ടിനും എസ്കെ ഫായാസിന് പകരം തൃശൂര്‍ ഫൈസല്‍ അലിക്കും അവസരം നല്കി. 80ാം മിനിറ്റില്‍ കൊച്ചിയുടെ മുഷറഫിനെ ഫൗള്‍ ചെയ്ത ബിബിന്‍ അജയന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.
എന്നാല്‍ 90ാം മിനിറ്റില്‍ തൃശൂര്‍ വിജയഗോള്‍ നേടുകയായിരുന്നു. 1-0 ന് തൃശൂര്‍ മാജിക് എഫ്സിക്ക് മിന്നും വിജയം നേടാനായി.
-
world1 day agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala1 day ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
Health1 day agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala3 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
Cricket1 day agoരാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും
-
india2 days agoനൈജീരിയയിലെ സ്കൂളില്‍ അതിക്രമം: 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി

