കൊച്ചി: ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച് പുലിമുരുകന്‍ മുന്നേറുമ്പോള്‍ സിനിമാപ്രേമികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രമാണ് മൃഗയ. മമ്മൂട്ടി മിന്നുംപ്രകടനം കാഴ്ചവെച്ച ഈ ചിത്രത്തില്‍ അദ്ദേഹം പുലിയുമായി നടത്തിയ സംഘട്ടന രംഗങ്ങളാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചാവിഷയമാണ്. ഗ്രാഫിക്‌സിന്റെയും സാങ്കേതികവിദ്യയുടെയും അനന്തസാധ്യതകള്‍ മലയാളസിനിമക്ക് പരിചിതമല്ലാത്ത കാലത്തായിരുന്നു മൃഗയയുടെ ചിത്രീകരണം. എന്നാല്‍ മൃഗയയുടെ ചിത്രീകരണകാലത്തെ രസകരമായ സംഭവം നടന്‍ ജയറാം ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെ ഓര്‍ത്തെടുത്തത് സമൂഹമാധ്യമങ്ങളില്‍ വീണ്ടും തരംഗമാവുകയാണ്. മൃഗയ ഷൂട്ടിങിന്റെ ആദ്യ ദിനത്തില്‍ പുലിയെ കണ്ട് മമ്മൂട്ടി ക്ഷുഭിതനായി പിണങ്ങി പോയെന്നാണ് ജയറാം ഓര്‍ക്കുന്നത്.
സംഭവത്തെക്കുറിച്ച് ജയറാം ഓര്‍ക്കുന്നത് ഇങ്ങനെ:
‘ മൃഗയ ഷൂട്ടിങിന്റെ ആദ്യദിനം മമ്മൂക്ക പിണങ്ങിപ്പോയ കഥ എനിക്കറിയാം. ചെറിയ പുലിയെയാണ് ഷൂട്ടിങിനായി കൊണ്ടുവന്നതെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ വന്നതു മുതല്‍ പുലിയുടെ ശ്രദ്ധ ഷൂട്ടിങിനു വേണ്ടി കൊണ്ടുവന്ന ആടിന്മേലായിരുന്നു. ആടിനെ തിന്നുന്ന സീന്‍ എടുക്കുന്നതിനു വേണ്ടി അഞ്ചു ദിവസമായി പുലിയെ പട്ടിണിക്കിട്ടിരിക്കുകയായിരുന്നു. എന്നാല്‍ പുലിയുടെ നോട്ടത്തില്‍ സംശയം തോന്നിയ മമ്മൂട്ടി ആദ്യം അതിനെ തുറന്നുവിടാന്‍ ആവശ്യപ്പെട്ടു. കൂട് തുറന്നതും പരിശീലകന്റെ നിര്‍ദേശം കേള്‍ക്കാതെ പുലി ആടിനെ കൊന്ന് അകത്താക്കി. ഇതോടെ താന്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ് മമ്മൂക്ക പിണങ്ങിപ്പോയി.’