മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പര്‍സ്റ്റാറാണ് മമ്മുട്ടി. വര്‍ഷങ്ങളുടെ അഭിനയമികവിലൂടെ മുന്നോട്ടുപോകുമ്പോഴും തന്റെ അഭിനയ ജീവിതത്തില്‍ തൃപ്തനല്ലെന്നാണ് മമ്മുട്ടി പറയുന്നത്. പുതിയ ചിത്രമായ പേരന്‍പിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയായിരുന്നു മമ്മൂട്ടിയുടെ ഈ പരാമര്‍ശം.

തനിക്ക് വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നതുപോലെയാണ് അഭിനയമെന്ന് മമ്മുട്ടി പറയുന്നു. വയറുനിറഞ്ഞാല്‍ തല്‍ക്കാലം നിറുത്തും. എന്നാല്‍ പിന്നീട് വിശക്കുമ്പോള്‍ വീണ്ടും കഴിക്കും. 37വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ താന്‍ തൃപ്തനായിരുന്നുവെങ്കില്‍ എന്നേ അഭിനയം നിര്‍ത്തുമായിരുന്നുവെന്നും മമ്മുക്ക പറയുന്നു.

സോഷ്യല്‍മീഡിയയില്‍ താന്‍ സജീവമാണെന്നും ന്യൂജനറേഷന്റെത് മാത്രമാക്കി അതിനെ ഒതുക്കേണ്ടതില്ലെന്നും മമ്മൂട്ടി പറയുന്നു. സോഷ്യല്‍മീഡിയയില്‍ തന്നെ കുറിച്ച് വരുന്ന ട്രോളുകളൊക്കെ ആസ്വദിക്കാറുണ്ട്. അതില്‍ നിന്നും പലതും പഠിക്കാനുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.