അഞ്ഞൂറ്, ആയിരം രൂപ കറന്‍സികള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രാജ്യസഭയില്‍ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ്. നോട്ടുമാറ്റത്തിന്റെ പേരില്‍ ‘സംഘടിത കൊള്ള’യും  ‘നിയമപരമാക്കപ്പെട്ട പിടിച്ചുപറി’യുമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്‍മോഹന്‍ കുറ്റപ്പെടുത്തി. ‘ചരിത്രപരമായ ഭരണവീഴ്ച’ എന്നാണ് നരേന്ദ്രമോദിയുടെ നടപടിയെ മന്‍മോഹന്‍ വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ മൊത്തോത്പാദനം(ജി.ഡി.ജി) രണ്ടു ശതമാനം കുറയാന്‍ നോട്ടുമാറ്റല്‍ തീരുമാനം ഇടയാക്കുമെന്നും മുന്‍ പ്രധാനമന്ത്രി പറഞ്ഞു.

ശീതകാല സമ്മേളനത്തിന്റെ ആദ്യ അഞ്ചു ദിവസവും നോട്ട് വിഷയവുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധങ്ങളെതുടര്‍ന്ന് രാജ്യസഭ സ്തംഭിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഹാജരായെങ്കില്‍ മാത്രമേ സഭാ നടപടികളുമായി സഹകരിക്കൂ എന്ന നിലപാടിലായിരുന്നു പ്രതിപക്ഷം. ഇതിന് സന്നദ്ധമല്ലെന്നു കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തതോടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സഭ തുടര്‍ച്ചയായി സ്തംഭിച്ചത്. ഇന്നലെ കാലത്ത് സഭ സമ്മേളിച്ച ഉടന്‍ പ്രധാനമന്ത്രി സഭയില്‍ ഹാജരാകുമെന്നും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. ഇതോടെ സഭാ നടപടികളുമായി സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറായി.

ഡോ.മന്‍മോഹന്‍ സിങ് ആണ് പ്രതിപക്ഷത്തുനിന്ന് ചര്‍ച്ചക്ക് തുടക്കം കുറിച്ച് സംസാരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നടപടിയെ നിശിതമായ ഭാഷയിലാണ് ഡോ. സിങ് വിമര്‍ശിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യങ്ങളുമായി വിയോജിപ്പില്ല. അതേസമയം ഇപ്പോള്‍ കൈക്കൊണ്ട നടപടി ചരിത്രപരമായ ഭരണകെടുകാര്യസ്ഥതയാണ്. സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണക്കുന്നവര്‍ പറയുന്നത് ദീര്‍ഘകാലത്തേക്ക് ഇത് ഗുണം ചെയ്യുമെന്നാണ്. ഇത് വ്യര്‍ത്ഥമാണ്. ”ദീര്‍ഘകാലം കഴിയുമ്പോള്‍ നമ്മളെല്ലാം മരിച്ചു കഴിഞ്ഞിരിക്കും” എന്ന വിഖ്യാത സാമ്പത്തിക ശാസ്ത്രഞ്ജന്‍ ജോണ്‍ മെയ്‌നാര്‍ഡ് കെനിസിന്റെ ഉദ്ധരണി നിരത്തിയാണ് മന്‍മോഹന്‍ കേന്ദ്ര സര്‍ക്കാര്‍ വാദത്തെ ഖണ്ഡിച്ചത്. ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് പ്രായോഗിക പരിഹാരം കാണാന്‍ പ്രധാനമന്ത്രി ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞാണ് ഡോ. സിങ് പ്രസംഗം അവസാനിപ്പിച്ചത്. തൊട്ടു പിന്നാലെ സഭ ഉച്ചഭക്ഷണത്തിന് പിരിഞ്ഞു.

ഈ സമയത്ത് മന്‍മോഹന്‍ ഉള്‍പ്പെടെയുള്ളവരുമായി സൗഹൃദ സംഭാഷണം നടത്തിയാണ് മോദി സഭയില്‍ നിന്ന് പോയത്. വിശ്രമത്തിനു ശേഷം സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ പ്രധാനമന്ത്രി സഭയില്‍ എത്തിയിരുന്നില്ല. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. ചര്‍ച്ച തുടരണമെന്നും പ്രധാനമന്ത്രി വരുമെന്നും ചെയറിലുണ്ടായിരുന്ന ഡപ്യൂട്ടി സ്പീക്കര്‍ പി.ജെ കുര്യന്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഇതിനിടെ പ്രതിപക്ഷ അംഗങ്ങളില്‍ ചിലര്‍ കള്ളപ്പണം തിരികെ കൊണ്ടുവരിക, വ്യാജ വാഗ്ദാനങ്ങള്‍ നല്‍കാതിരിക്കുക തുടങ്ങിയ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലേക്ക് നീങ്ങി. ബഹളം മൂര്‍ച്ചിച്ചതോടെ മൂന്നു മണിക്ക് സഭ പിരിയുന്നതായി സ്പീക്കര്‍ വ്യക്തമാക്കി. ലോക്‌സഭയും നോട്ട് വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തെതുടര്‍ന്ന് നടപടികളിലേക്ക് കടക്കാനാവാതെ പിരിയുകയായിരുന്നു.