ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ വീണ്ടും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ബുദ രോഗബാധിതനായ അദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസ് ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച്ച വൈകുന്നേരമാണ് പരീക്കര്‍ ആസ്പത്രിയിലെത്തിയത്.

അതേസമയം, ചികിത്സക്കായി പരീക്കര്‍ കുറച്ചുദിവസം എയിംസിലെ ആസ്പത്രിയില്‍ ചികിത്സയിലുണ്ടാകുമെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് പരീക്കറിന് അര്‍ബുദരോഗബാധ സ്ഥിരീകരിച്ചത്. പിന്നീട് അമേരിക്കയില്‍ ചികിത്സ തേടിയ ശേഷം ഗോവയില്‍ തിരിച്ചെത്തിയിരുന്നു. കഴിഞ്ഞ ദിവസം നിയമസഭയിലെത്തി ബജറ്റ് അവതരിപ്പിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തെ വീണ്ടും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം അദ്ദേഹത്തെ നിയമസഭാ മന്ദിരത്തിലെത്തി മനോഹര്‍ പരീക്കറെ സന്ദര്‍ശിച്ചിരുന്നു. അതിനു പിറ്റേന്ന് കൂടിക്കാഴ്ച്ചയിലെ വിവരങ്ങള്‍ പുറത്തുവിട്ടുവെന്ന രീതിയില്‍ വിമര്‍ശനങ്ങളുമായി പരീക്കര്‍ രംഗത്തുവന്നു. എന്നാല്‍ ആത്മാര്‍ത്ഥമായാണ് സന്ദര്‍ശനം നടത്തിയതെന്നും കൂടിക്കാഴ്ച്ചയിലെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കുകയും ചെയ്തു.