ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ബി.ജെ.പി എം.എല്‍.എ ഭീമ മണ്ഡാവി അടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൗകോണ്ഡ പൊലീസ് സ്‌റ്റേഷന് പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്ത് വെച്ചാണ് ആക്രമണമുണ്ടായത്.

ഭീമാ മണ്ഡാവിയെ കൂടാതെ അഞ്ചു പൊലീസുകാരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. എം.എല്‍.എയുടെ ഗണ്‍മാനും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എം.എല്‍.എയുടെ വാഹനവ്യൂഹത്തിന് നേരെ ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് സ്‌ഫോടനം നടത്തുകയായിരുന്നു.

ഏറ്റവും അവസാനത്തെ വാഹനത്തിലായിരുന്നു ഭീമാ മണ്ഡാവി ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രദേശത്തേക്ക് പോകരുതെന്ന് എം.എല്‍.എക്ക് നിര്‍ദേശം നല്‍കിയിരുന്നതായി ദന്തേവാഡ എസ്.പി അഭിഷേക് പല്ലവ് പറഞ്ഞു. ആക്രമണം നടന്നതിന് ശേഷം അരമണിക്കൂറോളം പ്രദേശത്ത് വെടിവെപ്പ് നടന്നതായും എസ്.പി പറഞ്ഞു.