ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പിന്തുണച്ചും പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ചും മുന്‍ സുപ്രിം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. ഇമ്രാന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹതയുണ്ടെന്ന് കട്ജു പറഞ്ഞു. പാക് ടെലിവിഷന്‍ ചാനലായ ജിയോ ടിവിയുടെ പരിപാടിയിലാണ് കട്ജുവിന്റെ പരാമര്‍ശം.

ഇന്ത്യയും പാകിസ്ഥാനും ദരിദ്ര രാഷ്ട്രങ്ങളായതിനാല്‍ യുദ്ധം താങ്ങാനാവില്ല. അതിര്‍ത്തിയിലെ സംഘത്തിന്റെ പശ്ചാത്തലത്തില്‍ സ്‌റ്റേറ്റ്‌സ്മാന്‍ഷിപ്പ് പ്രകടിപ്പിച്ചത് ഇമ്രാന്‍ ഖാന്‍ ആണ്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധാന്തരീക്ഷം സൃഷ്ടിക്കുന്നതെന്നും കട്ജു പറഞ്ഞു. സംഘര്‍ഷം കനത്ത പശ്ചാത്തലത്തില്‍ ഇമ്രാന്‍ നടത്തിയ പ്രസംഗത്തെ കട്ജു അഭിനന്ദിച്ചു. ബൗദ്ധികമായ പ്രഭാഷണമായിരുന്നു ഇമ്രാന്റേതെന്ന് കട്ജു പറഞ്ഞു.

പാക് സേനയുടെ പിടിയിലായ ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയച്ചതിന്റെ പേരില്‍ ഇമ്രാന് നൊബേല്‍ സമാധാന പുരസ്‌കാരം നല്‍കണമെന്ന് പാകിസ്ഥാനില്‍ ക്യാംപയ്ന്‍ നടക്കുന്നതിനിടെയാണ് ജസ്റ്റിസ് കട്ജുവിന്റെ പരാമര്‍ശങ്ങള്‍. എന്നാല്‍ തനിക്ക് സമാധാനത്തിനുള്ള നോബേലിന് അര്‍ഹതയില്ലെന്നും കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നവര്‍ക്കാണ് അതിന് അര്‍ഹതയെന്നും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചിരുന്നു.