തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദ ഹിന്ദു കേരള ബ്യൂറോ ചീഫുമായ എസ് അനില്‍ രാധാകൃഷ്ണന്‍(54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുറവന്‍കോണം മാര്‍ക്കറ്റ് റോഡിലെ സ്വവസതിയായ സതി ഭവനത്തിലായിരുന്നു അന്ത്യം. കവടിയാര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു.

1992 ല്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) യുടെ മുംബൈ ബ്യൂറോയില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച അനില്‍ 1997 ല്‍ ദ ഹിന്ദുവിന്റെ തിരുവനന്തപുരം ബ്യൂറോയില്‍ ജോലിയില്‍ പ്രവേശിച്ചു. ധനകാര്യം, ടൂറിസം, ഗതാഗതം എന്നീ മേഖലകളുടെ പുരോഗതിക്കുതകുന്ന അനവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

പരേതനായ രാധാകൃഷ്ണന്‍ നായരുടെയും സതി ദേവിയുടെയും മകനാണ്. ഭാര്യ: സിന്ദു എസ് എസ് (കോട്ടണ്‍ഹില്‍ സ്‌കൂള്‍ ടീച്ചര്‍). മകന്‍: നാരയണ്‍ എസ് എ (റിലയന്‍സ് പെട്രോളിയം ഗുജറാത്ത്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് ശാന്തികവാടത്തില്‍ നടക്കും.