ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്റിന് ജയം. ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്റ് എട്ടു വിക്കറ്റ് ബാക്കിയിരിക്കെ മറികടന്നു. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 217 റണ്‍സും മറുപടിയായി ന്യൂസിലന്റ് 249 റണ്‍സും എടുത്തിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് 170 റണ്‍സാണ് നേടാനായത്. ഇത് ന്യൂസിലന്റിന്റെ മുതിര്‍ന്ന താരങ്ങളായ കെയിന്‍ വില്യംസണും റോസ് ടെയ്‌ലറും ചേര്‍ന്ന് മറികടക്കുകയായിരുന്നു.

59 ഓവറില്‍ 139 റണ്‍സ് വിജയലക്ഷ്യവുമായാണ് ന്യൂസിലന്റ് ഇറങ്ങിയത്. ലാതമും കോണ്‍വെയും മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്റ് നിരയില്‍ വിക്കറ്റ് കളഞ്ഞത്. രണ്ട് വിക്കറ്റും നേടിയത് അശ്വിനാണ്. കെയിന്‍ വില്യംസണ്‍ 89 പന്തില്‍ 52 റണ്‍സും റോസ് ടെയ്‌ലര്‍ 100 പന്ത് നേരിട്ട് 47 റണ്‍സും നേടി. 45.5 ഓവറിലാണ് ന്യൂസിലന്റിന്റെ ജയം.