മാഡ്രിഡ്: രണ്ടു പതിറ്റാണ്ടു നീണ്ട ബന്ധം ഉപേക്ഷിച്ച്് ബാഴ്‌സലോണ വിടാനുള്ള മെസ്സിയുടെ തീരുമാനത്തിനു പിന്നാലെ, ഇന്റര്‍നെറ്റ് മുഴുവന്‍ മെസ്സിയാണ്. സാമൂഹ്യ മാദ്ധ്യമങ്ങള്‍ക്ക് പുറമേ, ഗൂഗ്‌ളിലും ആളുകള്‍ ഏറെ തിരഞ്ഞ വിവരം മെസ്സിയുടേത് തന്നെ.

മെസ്സി ലീവ്‌സ് ബാഴ്‌സ എന്ന കീ വേഡാണ് ഗൂഗ്‌ളിനെ പിടിച്ചു കുലുക്കിയത്. തിങ്കളാഴ്ച രാത്രി ഏഴിനും എട്ടിനും ഇടയില്‍ 2300 ശതമാനം വര്‍ദ്ധനയാണ് സെര്‍ച്ചില്‍ ഉണ്ടായത്.

സെര്‍ച്ചില്‍ കോവിഡിനെയാണ് മെസ്സി പിന്നിലാക്കിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കോവിഡ് ആയിരുന്നു ഗൂഗിളിന്റെ സെര്‍ച്ച് ചാര്‍ട്ടില്‍ മുന്‍പില്‍ നിന്നിരുന്നത്. മെസ്സി എന്ന വാക്ക് ഉപയോഗിച്ചുള്ള സെര്‍ച്ചുകള്‍ കൂടിയതിനൊപ്പം, മെസി ലീവ്സ് ബാഴ്സ എന്ന വാക്കുകള്‍ ഉപയോഗിച്ചുള്ള തെരച്ചിലിന്റെ എണ്ണവും വര്‍ദ്ധിച്ചു.

മെസ്സിക്കൊപ്പം ബാഴ്സ പ്രസിഡന്റ് ബാര്‍തോമ്യുവിനെ തെരയുന്നതും കുത്തനെ വര്‍ധിച്ചു. ബാര്‍തൊമ്യുവിനെ സെര്‍ച്ച് ചെയ്യുന്നതില്‍ 1450 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ബുറോഫാക്സ് എന്താണ് എന്ന് തിരയാനും ഗൂഗിളിലേക്ക് ആളുകളെത്തി. ബുറോഫാക്‌സ് വഴിയാണ് മെസ്സി ക്ലബ് വിടുകയാണ് എന്ന് ബാഴ്‌സയെ അറിയിച്ചത്.