ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് മകനെപ്പോലെയെന്ന് ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളില്‍ ഇടംപിടിച്ച ഷാഹിന്‍ബാഗ് സമരനായിക ബില്‍ക്കീസ് ബാനു. വാര്‍ത്തയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഹിന്‍ബാഗിലെ ദാദി എന്നറിയപ്പെടുന്ന അവര്‍.

‘ഇത്തരത്തില്‍ ആദരിക്കപ്പെട്ടതില്‍ ആഹ്ലാദമുണ്ട്. ഒട്ടും പ്രതീക്ഷിച്ചില്ല’ – വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘സ്‌കൂളില്‍ പോയിട്ടില്ല. ഖുര്‍ആന്‍ മാത്രമേ ഓതാന്‍ അറിയൂ. എന്നാല്‍ ഇന്നെനിക്ക് ഏറെ ആഹ്ലാദം തോന്നുന്നു. പട്ടികയില്‍ ഇടംപിടിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഞാന്‍ അഭിനന്ദിക്കുന്നു. അദ്ദേഹവും എന്റെ മകനാണ്. ഞാന്‍ അദ്ദേഹത്തിന് ജന്മം നല്‍കിയിട്ടില്ലെങ്കിലും എന്റെ സഹോദരിയാണ് അദ്ദേഹത്തിന് ജന്മം നല്‍കിയത്. അദ്ദേഹത്തിന്റെ ആയുര്‍ദൈര്‍ഘ്യത്തിനും സന്തോഷത്തിനും പ്രാര്‍ത്ഥിക്കുന്നു’ – 82കാരിയായ അവര്‍ പറഞ്ഞു.

ബില്‍ക്കീസ് ബാനുവിനും മോദിക്കും പുറമേ, നടന്‍ ആയുഷ്മാന്‍ ഖുറാന, ബയോളജിസ്റ്റ് രവീന്ദ്ര ഗുപ്ത, ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍പിച്ചൈ തുടങ്ങിയവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

നരേന്ദ്രമോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ ഷാഹിന്‍ബാഗില്‍ നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ മുഖമായിരുന്നു ബില്‍ക്കീസ് ബാനു. ഇപ്പോള്‍ കോവിഡിനെതിരെയാണ് പോരാട്ടമെന്നും അതിനെ ലോകത്തു നിന്ന് തുടച്ചു നീക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.