ദുബൈ: 2020ല്‍ ലോകത്തെ മാറ്റി മറിച്ച ഭരണാധികാരികളുടെ പട്ടികയില്‍ അബുദാബി കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും. ബ്ലൂംബര്‍ഗ് പുറത്തിറക്കിയ അമ്പത് രാഷ്ട്ര നേതാക്കളുടെ പട്ടികയിലാണ് ശൈഖ് മുഹമ്മദും ഇടം പിടിച്ചത്.

മധ്യേഷ്യയില്‍ സമാധാനം സൃഷ്ടിച്ചയാള്‍ എന്നാണ് ബ്ലൂംബര്‍ഗ് ശൈഖ് മുഹമ്മദിനെ വിശേഷിപ്പിക്കുന്നത്. ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം സാദ്ധ്യമാക്കി മേഖലയിലെ ഭൂമിശാസ്ത്രത്തെ തന്നെ വിപ്ലവകരമായ രീതിയില്‍ അദ്ദേഹം മാറ്റിയെന്ന് ബ്ലൂംബര്‍ഗ് പറയുന്നു. ജോര്‍ദാന്‍-ഇസ്രയേല്‍ സമാധാന ഉടമ്പടിക്ക് ശേഷം അറബ് ലോകത്തെ ഏറ്റവും വലിയ സംഭവമാണ് ഇസ്രയേലുമായുള്ള നയതന്ത്ര കരാര്‍ എന്നാണ് മാധ്യമം വിശേഷിപ്പിച്ചത്.

നിയുക്ത യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍, നിലവിലെ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആപ്പിള്‍ സിഇഒ ടിം കുക്ക്, റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിന്‍, ജര്‍മന്‍ ചാന്‍സലര്‍ ആങ്കല മെര്‍ക്കല്‍ തുടങ്ങിയവരും പട്ടികയില്‍ ഇടംപിടിച്ചു.