ന്യൂഡല്‍ഹി: ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പലിശ മുഴുവനായി എഴുതിത്തള്ളാനാവില്ലെന്നും പലിശ ഒഴിവാക്കുന്നത് ബാങ്കുകളെ തകര്‍ക്കുമെന്നും വിധിയില്‍ പറയുന്നു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

ബാങ്കുകളുടെ മുഴുവന്‍ പലിശയും മൊറട്ടോറിയം കാലത്ത് ഒഴിവാക്കണം എന്ന ആവശ്യം അംഗീകരിക്കാനാവില്ല. മൊറട്ടോറിയം കാലവാധി നീട്ടണമെന്ന ആവശ്യത്തോടും യോജിക്കാനാവില്ല. അത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാറും ആര്‍.ബി.ഐയുമാണ്. സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളിലും പദ്ധതികളിലും കോടതികള്‍ ഇടപെടരുത്-കോടതി വ്യക്തമാക്കി.

മൊറട്ടോറിയം പ്രഖ്യാപിച്ച സമയത്ത് ബാങ്ക് വായ്പകള്‍ക്ക് പലിശയും പിഴപ്പലിശയും ഈടാക്കിയ നടപടി അംഗീകരിക്കാനാകാത്തതാണ്. അത്തരത്തില്‍ പലിശ ഈടാക്കിയ ബാങ്കുകള്‍ ആ പണം വായ്പയെടുത്തവര്‍ക്ക് തിരികെ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.